തൊടുപുഴ: ആദിവാസി ഊരുകളിൽ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്ത സംഭവത്തിൽ പ്രതിഷേധങ്ങൾക്കും സമരങ്ങൾക്കുമൊടുവിൽ നടപടി. വിതരണക്കാരൻ ഏഴു ലക്ഷം രൂപ പിഴയടയ്ക്കാണമെന്നാണ് സബ് കളക്ടറുടെ ഉത്തരവ്. വെള്ളിയാമറ്റം പഞ്ചായത്തിലെ ആദിവാസി ഊരുകളിൽ മഴക്കാല ഭക്ഷ്യസഹായ പദ്ധതി പ്രകാരം പട്ടികവർഗ വികസന വകുപ്പ് ഭക്ഷ്യക്കിറ്റിൽ നൽകിയ വെളിച്ചെണ്ണ ഗുണനിലവാരമില്ലാത്തതാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇവർ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് ചെറുതോണി പേട്ടയിൽ പി.എ. ഷിജാസിനോട് ഏഴു ലക്ഷം രൂപ പിഴയടയ്ക്കാൻ സബ് കളക്ടർ ഡോ. അരുൺ എസ്. നായർ ഉത്തരവിട്ടത്. കേരശക്തി എന്ന പേരിൽ വിതരണം ചെയ്ത വെളിച്ചെണ്ണ നിലവാരമില്ലാത്തതും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷൻ ഇല്ലാത്തതതുമാണെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇത് വിതരണം ചെയ്യാനായി ഭക്ഷ്യ സുരക്ഷാ വകുപ്പിൽ ഹാജരാക്കിയത് വ്യാജ രജിസ്‌ട്രേഷനാണെന്നും പരിശോധനയിൽ കണ്ടെത്തി. കാലാവധി കഴിഞ്ഞുള്ള ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷന്റെ മറവിലാണ് ഇവർ വെളിച്ചെണ്ണ വിൽപ്പന നടത്തിയത്. ഈ വെളിച്ചെണ്ണ ഉപയോഗിച്ചവർക്ക് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങളുമുണ്ടായി. കിറ്റിലെ വെളിച്ചെണ്ണ ഉപയോഗിച്ച് പാചകം ചെയ്ത ഭക്ഷണം കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. വെള്ളിയാമറ്റം പഞ്ചായത്തിൽ ഈ എണ്ണ ഉപയോഗിച്ച് പാചകം ചെയ്ത ഭക്ഷണം കഴിച്ച ഒന്നര വയസുള്ള കുഞ്ഞുൾപ്പെടെ അറുപതോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. വെളിച്ചെണ്ണ ഉപയോഗിച്ച മൂലക്കാട്, വെണ്ണിയാനി, കട്ടിക്കയം, പെരുമ്പാപ്പതി, ഉപ്പുകുന്ന്, കള്ളിക്കൽ, പെരിങ്ങാശേരി, ഗുരുതിക്കളം എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് ആരോഗ്യപ്രശ്നങ്ങളുണ്ടായത്.
വിതരണം ചെയ്ത ഭക്ഷ്യോത്പന്നങ്ങളുമായി കഴിഞ്ഞ ദിവസം ജില്ലാ പട്ടികവർഗ ഓഫീസിനു മുന്നിൽ ഊരുമൂപ്പന്മാർ പ്രതിഷേധിക്കുകയും പട്ടിക വർഗ വകുപ്പ് ജില്ലാ പ്രോജക്ട് ഓഫീസർ, അസി. ജില്ലാ പ്രോജക്ട് ഓഫീസർ എന്നിവരെ തടഞ്ഞു വയ്ക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ കടുത്ത പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് അടിയന്തര നടപടിയുണ്ടായത്. കാക്കനാട് റീജണൽ അനലറ്റിക്കൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് എണ്ണ ഗുണനിലവാരമില്ലാത്തതാണെന്ന് വ്യക്തമായത്. ഈ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചത്.

നൽകിയത് വ്യാജ വിവരങ്ങൾ

വെളിച്ചെണ്ണ വിതരണം ചെയ്യാനുള്ള അനുമതിയ്ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിന് നൽകിയ സ്റ്റാർ ഫുഡ്സ് എന്ന പേരിൽ വിതരണക്കാർ നൽകിയത് വ്യാജ വിവരങ്ങൾ ആയിരുന്നെന്നും രജിസ്‌ട്രേഷൻ കാലാവധി കഴിഞ്ഞതാണെന്നും വ്യക്തമായിട്ടുണ്ട്. അതിനാൽ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്തത് കടുത്ത നിയമ ലംഘനമാണെന്നും വിലയിരുത്തി. എന്നാൽ തമിഴ് നാട്ടിൽ നിന്നെത്തിച്ച വെളിച്ചെണ്ണ പായ്ക്കറ്റിലാക്കി നൽകുക മാത്രമാണ് ഉണ്ടായതെന്നാണ് വിതരണക്കാരൻ മൊഴി നൽകിയത്. പാചകം ചെയ്ത് ഭക്ഷ്യ വസ്തുക്കളാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷൻ ഉപയോഗിച്ച് വിതരണം ചെയ്തിരുന്നതെന്നും ഇത് നിറുത്തലായ ശേഷമാണ് വെളിച്ചെണ്ണ കച്ചവടം തുടങ്ങിയതെന്നും ഷിജാസ് സബ് കളക്ടറെ അറിയിച്ചു. എന്നാൽ നിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്തതിനു പുറമെ പായ്ക്കറ്റിനു പുറത്ത് തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയതുൾപ്പെടെയുള്ള കുറ്റങ്ങൾ ബോധ്യപ്പെട്ടതിനെ തുടർന്നാണ് പിഴയടയ്ക്കാൻ സബ് കളക്ടർ ഉത്തരവിട്ടത്. 15 ദിവസത്തനകം തുക അടച്ചില്ലെങ്കിൽ തുടർ നടപടി സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്.