തൊടുപുഴ: പാട്ടത്തിന് എടുത്ത ഭൂമിയിൽ വളരെ ആഗ്രഹിച്ച് ബിനീഷ് ആരംഭിച്ച കപ്പ കൃഷി, വന്യമൃഗങ്ങളും എലിയും എല്ലാം ചേർന്ന് പൂർണമായും നശിപ്പിച്ചു. ആ നിരാശയിൽ അമിത പ്രതീക്ഷകളില്ലാതെയാണ് ചെണ്ടുമല്ലി കൃഷി തുടങ്ങിയത്. അതങ്ങ് ക്ലിക്കായി. ഇപ്പോൾ ഉടുമ്പന്നൂർ മലയിഞ്ചിയിൽ സൗരഭ്യം പരത്തി പൂത്തുലഞ്ഞ് വിളവെടുപ്പിന് തയ്യാറായി നിൽക്കുകയാണ് ഒരു പൂപ്പാടം. മലയിഞ്ചി മൂലമ്പുഴയിൽ ബിനീഷ് (46)​ എന്ന യുവകർഷകനും കുടുംബവുമാണ് പാട്ടത്തിനെടുത്ത മുപ്പത് സെന്റ് സ്ഥലത്ത് 2300 ഓളം ബന്ദിപ്പൂക്കൾ വിരിയിച്ചത്. പിതാവും കൃഷിക്കാരനായതുകൊണ്ട് തന്നെ കൃഷിയുടെ ബാലപാഠങ്ങൾ അദ്ദേഹത്തിനൊപ്പം നിന്ന് മനസ്സിലാക്കിയാണ് ബിനീഷ് കാർഷികരംഗത്തേക്ക് ചുവടുവെച്ചത്. കപ്പ കൃഷി ചതിച്ചപ്പോഴാണ് കൃഷിഭവനിൽ നിന്ന് ചെണ്ടുമല്ലി തെെ വാങ്ങി നട്ടത്. ആദ്യമായാണ് പൂ കൃഷി ചെയ്യുന്നത്. അതോടെ ബിനീഷിന്റെ ജീവിതവും മാറി. ചെണ്ടുമല്ലി കൂടാതെ റംബൂട്ടാൻ, കെെതച്ചക്ക, റബ്ബർ എന്നിവയും ബിനീഷിന്റെ പുരയിടത്തിൽ കൃഷി ചെയ്യുന്നുണ്ട്. കൃഷി കൂടാതെ മലയിഞ്ചിയിൽ പ ലചരക്ക് വ്യാപാരവും ഇദ്ദേഹം നടത്തുന്നുണ്ട്.

കുടുംബമാണ് മുതൽക്കൂട്ട്

ജീവിതത്തിലും കൃഷിയിലും ഒപ്പത്തിനൊപ്പമാണ് ബിനീഷിന്റെ കുടുംബം. വീട്ടമ്മയായ അനുപ്രിയയാണ് കൃഷിയിലും സന്തതസഹചാരി. എട്ടാം ക്ലാസുകാരിയായ മൂത്തമകൾ ആർദ്ര ഉടുമ്പന്നൂർ സെന്റ് ജോർജ് ഹെെസ്കൂളിലും ഇളയ മകൾ ആത്മിക മലയിഞ്ചി ഗവ. എൽ.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയുമാണ്.


'ഓണക്കാലം മുന്നിൽ കണ്ടുകൊണ്ട് ആരംഭിച്ച കൃഷി പ്രതീക്ഷക്കപ്പുറം മനോഹരമായി പൂത്തുലഞ്ഞ് നിൽക്കുന്നത് കാണുന്പോൾ ഉണ്ടാകുന്ന സന്തോഷം ഏറെ വലുതാണ്.ആദ്യമായാണ് പൂ കൃഷി ചെയ്യുന്നത്. ഇനിയും അത് മുന്നോട്ട് കൊണ്ടുപോകണമെന്നുണ്ട്. ചെണ്ടുമല്ലി കൂടാതെ മറ്റിനം പൂക്കളും കൃഷിചെയ്യണമെന്നുണ്ട്'

-എം.ആർ. ബിനീഷ്