അടിമാലി: കെട്ടിട നിർമ്മാണരംഗത്ത് വർഷങ്ങളായി ജോലി ചെയ്യുന്നവരും കേരള ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ ബോർഡിൽ അംശാദായം അടച്ച് പെൻഷനായ നൂറ്കണക്കിന് തൊഴിലാളികൾക്കും 12 മാസമായി പെൻഷൻ കിട്ടുന്നില്ലെന്നും ഇത് ഈ വരുന്ന ഓണത്തിന് മുമ്പ് കൊടുത്തുതീർക്കണമെന്നും ഐ.എൻ.ടി.യു.സി സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ജോൺസി ഐസക് ആവശ്യപ്പെട്ടു. നിരവധി തൊഴിലാളികൾ പ്രസവാനുകൂല്യം, വിവാഹാനുകൂല്യം, ചികിത്സാ സഹായം തുടങ്ങി വിവിധ ആനുകൂല്യത്തിന് അപേക്ഷ നൽകി വർഷങ്ങൾ കഴിഞ്ഞിട്ടും ബോർഡിൽ നിന്ന് യാതൊരു തീരുമാനവും ഇല്ല. ക്ഷേമനിധി ബോർഡിന്റെ അനങ്ങാപ്പാറ നയം അവസാനിപ്പിച്ച് 1990 മുതൽ 1998 വരെ നടന്ന സെസ് പിരിവ് തദ്ദേശ സ്ഥാപനങ്ങൾ വഴി വീണ്ടും സർക്കാർ ആരംഭിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സെസ് പിരിച്ച കാലഘട്ടത്തിൽ കോടിക്കണക്കിന് രൂപ മിച്ചമായി വിവിധ ബാങ്കുകളിൽ നിക്ഷേപിക്കപെട്ടിരുന്നു. 1995 ആയപ്പോൾ രാജ്യമാകെ ബാധകമാകുന്ന കേന്ദ്രനിയമം പാർലമന്റ് നടപ്പിലാക്കി. 1998 ൽ ഈ കേന്ദ്രനിയമം അനുസരിച്ചുള്ള ക്ഷേമനിധി ബോർഡ് പ്രവർത്തനം ഇവിടെയും ആരംഭിച്ചു. കേന്ദ്രനിയമത്തിലെ ഒരു വ്യവസ്ഥയെ ദുർവ്യാഖ്യാനം ചെയ്തതാണ് സംസ്ഥാനത്തെ ക്ഷേമനിധി സെസ് പിരിവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് മാറ്റി തൊഴിൽ വകുപ്പിനെ ഏൽപ്പിച്ചത്. ഇത് മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത രീതിയാണ്. ഈ തീരുമാനം മാറിയതുമൂലം 1998 മുതൽ 2024 വരെ ബോർഡിന് ഉണ്ടായിട്ടുള്ള വരുമാന നഷ്ടം 26,​000 കോടി രൂപയാണ്. ഈ കണക്ക് ആരെയും അത്ഭുതപ്പെടുത്തും. അതുകൊണ്ടാണ് ബോർഡിൽ അർഹരായ തൊഴിലാളികൾക്ക് പെൻഷനും ആനുകൂല്യങ്ങളും നൽകാൻ പണം ഇല്ലാതെയായത്. അതുകൊണ്ട് വീണ്ടും സെസ് പിരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏൽപ്പിക്കണമെന്ന് ഐ.എൻ.ടി.യു .സി സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ജോൺസി ഐസക്ക് ആവശ്യപ്പെട്ടു.