കട്ടപ്പന: ഇവിടെ ഒരു മഴപെയ്താൽ ചെളികുഴിയിലൂടെ വേണം യാത്രചെയ്യാൻ. മലയോര ഹൈവേയുടെ ഭാഗമാണെന്നൊക്കെ പറഞ്ഞിട്ടെന്ത്കാര്യം . യാത്രക്കാർക്കെന്നും ഇവിടം ദുരിതമാണ്ഇ നൽകുന്നത്. ഇരുപതേക്കർ പാലം നിർമ്മാണം വൈകുന്നതാണ് യാത്രക്കാരുടെ നടുവൊടിക്കുന്നത്. നഗരസഭാ ഭരണസമിതിയും പ്രതിപക്ഷവും പരസ്പരം പഴിചാരുമ്പോഴും ദുരിതത്തിലാകുന്നത് ആയിരക്കണക്കിന് യാത്രക്കാരാണ്. മഴ പെയ്താൽ പാലത്തിലെ ചെളികുണ്ടിലൂടെയും ഭീമൻ ഗർത്തങ്ങളിലൂടെയും താണ്ടി വേണം ഇതുവഴി യാത്ര ചെയ്യാൻ. മലയോര ഹൈവേയുടെ നിർമ്മാണത്തിന്റെ ഭാഗമായ കട്ടപ്പന- നരിയംപാറ റീച്ചിൽ നിർമ്മാണം പൂർത്തിയാകേണ്ടതായിരുന്നു ഇരുപതേക്കർ ആശ്രമംപടി പാലം. പാലത്തിന്റെ ഇരുവശവുമുള്ള റോഡ് ബി.എം.ബി.സി നിലവാരത്തിൽ ടാറിംഗ് പണികൾ പൂർത്തിയാക്കുകയും അവസാനഘട്ട നിർമ്മാണ പ്രവർത്തനമായ സ്ട്രീറ്റ് ലൈറ്റുകളുടെ സ്ഥാപിക്കൽ പൂർത്തിയായി വരികയുമാണ്. എന്നാൽ പാലം നിർമ്മാണത്തിന്റെ കാര്യത്തിൽ മാത്രം അനിശ്ചിതത്വം തുടരുകയാണ്.
പാലം നിർമ്മിക്കുന്നതിന് മുന്നോടിയായി ഇവിടത്തെ ഒരു വീട്ടുകാരെ മാറ്റി താമസിപ്പിക്കാൻ നഗരസഭാ അധികൃതർ വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നതായിരുന്നു നഗരസഭാ പ്രതിപക്ഷത്തിന്റെയും എൽ.ഡി.എഫ് നേതാക്കളുടെയും ആരോപണം. എന്നാൽ നഗരസഭയിൽ നിന്ന് ചെയ്യേണ്ട നടപടികൾ ചെയ്തുവെന്നും സർക്കാർ തലത്തിൽ ഉണ്ടാകുന്ന കാലതാമസമാണ് പ്രതിസന്ധിക്ക് കാരണമെന്നുമാണ് നഗരസഭയുടെ വാദം.
പാലത്തിന്റെ നിർമ്മാണം ആരംഭിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുകയോ പഴയ പാലത്തിലെ യാത്രാക്ലേശം പരിഹരിക്കാൻ താത്കാലിക പരിഹാരമെങ്കിലും ഒരുക്കുകയോ ചെയ്യണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
ദുരിതം യാത്രികർക്ക്
പാലത്തിന്റെ നിർമ്മാണം ആരംഭിക്കാത്തതിനെ ചൊല്ലി വാദപ്രതിവാദങ്ങൾ തുടരുമ്പോഴും ദുരിതത്തിലാകുന്നത് പാവം യാത്രക്കാരാണ്. ഗർത്തങ്ങളും ചെളിക്കുണ്ടുമായി കിടക്കുന്ന പാലത്തിൽ രാത്രി സമയങ്ങളിൽ വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്. അതോടൊപ്പം പലപ്പോഴും ഈ ഭാഗത്ത് വലിയ ഗതാഗത തടസവും ഉണ്ടാകുന്നു. ഇരുചക്ര വാഹന യാത്രക്കാരും നന്നേ പാടുപെട്ടാണ് ഇതുവഴി കടന്നു പോകുന്നത്. കാൽനട യാത്രക്കാർക്കും റോഡിലെ വെള്ളക്കെട്ടും ചെളിയും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.