തൊടുപുഴ: 10.47 കിലോ കഞ്ചാവ് കടത്തിയ പ്രതിക്ക് 5 വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. കരുനാഗപ്പള്ളി കോഴിക്കോട് കരയിൽ ഇടയിൽ വീട്ടിൽ ജലാലുദ്ദീൻ കുഞ്ഞിനെയാണ് (42) തൊടുപുഴ എൻ.ഡി.പി.എസ് സ്പെഷ്യൽ കോടതി ജഡ്ജ് കെ.എൻ. ഹരികുമാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2015 മേയ് 15 നായിരുന്നു കേസിനാസ്പദമായ സംഭവം. പീരുമേട് ജംഗ്ഷനടുത്തുള്ള പഞ്ചായത്ത് വാച്ച് ടവറിന് മുൻവശത്ത് നിന്നാണ് കഞ്ചാവുമായി പ്രതി പിടിയിലായത്. പീരുമേട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സോജൻ സെബാസ്റ്റ്യനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.