jobin
ജോബിൻ ജോബി

തൊടുപുഴ: കേരള ക്രിക്കറ്റ് ലീഗിലെ മുഖ്യടീമായ ബ്ലൂ ടൈഗേഴ്സിലെ യഥാർത്ഥ ടൈഗർ താൻ തന്നെയെന്ന് വെടിക്കെട്ട് ബാറ്റിംഗിലൂടെ തെളിയിച്ചിരിക്കുകയാണ് തൊടുപുഴയുടെ ജോബിൻ ജോബി. പ്ലസ്ടു വിദ്യാർത്ഥിയായ ഈ 17കാരൻ ജൂനിയർ മത്സരങ്ങൾ കളിക്കേണ്ട പ്രായത്തിൽ അനായാസം അതിർത്തി കടത്തുന്നത് രഞ്ജിയടക്കമുള്ള മത്സരങ്ങൾ കളിച്ച മുതിർന്ന താരങ്ങളെയാണ്. ആലപ്പി റിപ്പിൾസിനെതിരെയും കൊല്ലം സെയിലേഴ്സിനെതിരെയും അർദ്ധ സെഞ്ച്വറി നേടിയാണ് ജോബിൻ ശ്രദ്ധ നേടുന്നത്. അഴകും ആക്രമണോത്സുകതയും ചേരുന്ന സുന്ദരമായ ബാറ്റിംഗ് ശൈലിയും വിക്കറ്റിന്റെ എല്ലാ ഭാഗത്തേക്കും അനായാസം ഷോട്ടുകൾ പായിക്കാനുള്ള കഴിവും ജോബിന്റെ സവിശേഷതയാണ്. കഴിഞ്ഞ മത്സരത്തിൽ ആലപ്പി റിപ്പിൾസിന്റെ എല്ലാ ബൗളർമാരും ബ്ലൂ ടൈഗേഴ്സ് താരം ജോബിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു. 48 പന്തിൽ ആറ് ഫോറും അഞ്ച് സിക്സുമടക്കം 79 റൺസാണ് ജോബിൻ നേടിയത്. ഇന്നലെ കൊല്ലം സെയിലേഴ്സിനെതിരെ നടന്ന മത്സരത്തിലും ജോബിൻ അർദ്ധസെഞ്ച്വറി നേടിയിരുന്നു. രണ്ട് സിക്സും അഞ്ച് ഫോറും ഉൾപ്പെടെ 51 റൺസാണ് നേടിയത്. ഡ്രൈവുകളും ലോ‌ഫ്‌റ്റഡ് ഷോട്ടുകളുമടക്കം മൈതാനമാകെ ഒഴുകിപ്പരക്കുന്ന മനോഹര ബാറ്റിംഗ് പ്രകടനമായിരുന്നു ഇത്. പിച്ചിൽ കുത്തി അപ്രതീക്ഷിതമായി ഉയർന്ന് വരുന്ന പന്തുകളെ അനായാസം നേരിടുന്നതിലുള്ള മികവും ജോബിന്റെ പ്രത്യേകതയാണ്. ടൂർണ്ണമെന്റിൽ ട്രിവാൻഡ്രം റോയൽസിന് എതിരെയുള്ള ആദ്യ മത്സരത്തിലും ജോബിൻ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. അന്ന് 34 പന്തിൽ 48 റൺസായിരുന്നു ജോബിൻ നേടിയത്. അണ്ടർ 19 കേരള ടീമിൽ അംഗമായ ജോബിൻ ജൂനിയർ ക്രിക്കറ്റിലും മികച്ച ഇന്നിങ്സുകൾ കാഴ്ച വച്ചിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥരായ തൊടുപുഴ കാഞ്ഞിരമറ്റം പെണ്ടനാത്ത് വീട്ടിൽ ജോബിയുടെയും മഞ്ജുവിന്റെയും മകനാണ് ജോബിൻ. സഹോദരനായ റോബിൻ കോതമംഗലം എം.എ കോളേജിൽ എൻജിനീയറിംഗ് വിദ്യാർത്ഥിയാണ്.