pushpagramam
ഉടുമ്പന്നൂർ പഞ്ചായത്തിലെ പുഷ്പ ഗ്രാമം പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് നിർവ്വഹിക്കുന്നു


ഉടുമ്പന്നൂർ: ഓണത്തെ വരവേൽക്കാൻ നാടിന്റെ സ്വന്തം പൂക്കളും പച്ചക്കറികളുമായി തയ്യാറെടുക്കുകയാണ് ഉടുമ്പന്നൂർ ഗ്രാമ പഞ്ചായത്ത്.
കഴിഞ്ഞ വർഷം വാർഡ് തലത്തിൽ കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ച് 21 ഇടങ്ങളിലായി 16.5 ഏക്കർ സ്ഥലത്ത് വിവിധ ഇനം പച്ചക്കറികൾ കൃഷി ചെയ്ത് നൂറുമേനി വിളവ് കൊയ്തതിന്റെ ആവേശത്തിലാണ് ഈ ഓണത്തിന് പൂക്കളും സ്വന്തമായി ഉത്പാദിപ്പക്കണം എന്ന തീരുമാനം ഗ്രാമ പഞ്ചായത്ത് ഭരണസമിതി എടുത്തത്.ഇതിനായി വാർഷിക പദ്ധതിയിൽ പുഷ്പഗ്രാമം പദ്ധതിക്കായി 1 ലക്ഷം രൂപ വകയിരുത്തിയിരുന്നു.
കൃഷി ചെയ്യാൻ താത്പര്യമുള്ള കർഷകർക്ക് 4 രൂപ വിലയുള്ള ഹൈബ്രിഡ് തൈകൾ 3 രൂപ ഗ്രാമപഞ്ചായത്ത് സബ്സിഡിയോടു കൂടി 1 രൂപക്ക് ലഭ്യമാക്കി. കൂലി ചെലവിനായി ഒരു ഹെക്ടറിന് 16000 രൂപ വീതം സബ്സിഡിയും അനുവദിച്ചു. കൃഷിഭവന്റെ മേൽനോട്ടത്തിൽ
19 ഇടങ്ങളിലായി 2.5 ഏക്കറിൽ പൂകൃഷി ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് കൃഷി ആരംഭിച്ചതെങ്കിലും പൂപ്പാടങ്ങൾ നൂറുമേനി വിളഞ്ഞു.ഈ വർഷവും തുടർന്ന വിവിധ കൃഷിക്കൂട്ടങ്ങളുടെ പച്ചക്കറി കൃഷിയും വിളവെടുക്കുന്ന തോടുകൂടി വിഷരഹിത പച്ചക്കറിയും നാടിനായ് സമർപ്പിക്കാനാകും..പുഷ്പ ഗ്രാമം പദ്ധതിയുടെ വിളവെടുപ്പ് ഉദ്ഘാടനം മലയിഞ്ചിയിലെ മൂലമ്പുഴയിൽ ബിനീഷിന്റെ പൂപ്പാടത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് നിർവ്വഹിച്ചു.വാർഡ് മെമ്പർ അൽഫോൻസ കെ മാത്യു അദ്ധ്യക്ഷയായി.
വൈസ് പ്രസിഡന്റ് ആതിര രാമചന്ദ്രൻ, സ്ഥിരം സമിതി അദ്ധ്യക്ഷ ശാന്തമ്മ ജോയി. വാർഡ് മെമ്പർമാരായ രമ്യ അജിഷ് , ശ്രീമോൾ ഷിജു, ജിൻസി സാജൻ, കൃഷി വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ബിനു തോമസ്, അസി. പ്രിൻസിപ്പൽ കൃഷി ഓഫീസർ ഡി.മാനസ്, ബ്ലോക്ക് തല കൃഷി അസി. ഡയറക്ടർ ആഷ്ലി മറിയം ജോർജ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.പി യശോധരൻ, കൃഷി ഓഫീസർ കെ. അജിമോൻ തുടങ്ങിയവർ പ്രസംഗിച്ചു.