oil

കേരളപ്പിറവിക്ക് ശേഷം സംസ്ഥാനത്തെ ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി വകയിരുത്തുകയും ചെലവഴിക്കുകയും ചെയ്ത ആകെ തുക ആദിവാസികൾക്ക് പണമായി തന്നെ നൽകിയിരുന്നുവെങ്കിൽ അവരിന്ന് ലക്ഷാധിപതികളോ, കോടീശ്വരന്മാരോ തന്നെ ആകുമായിരുന്നു എന്ന പ്രസ്താവനയിൽ അൽപ്പം അതിശയോക്തി ഉണ്ടാകാമെങ്കിലും ഒരു പരിധി വരെ വസ്തുതയുണ്ട്. കാരണം ആദിവാസികൾക്ക് അനുവദിക്കുന്ന ഫണ്ട് മിക്കപ്പോഴും അവർക്ക് പ്രയോജനപ്പെടുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ആദിവാസി ക്ഷേമത്തിന് കോടികൾ വാരിക്കോരി നൽകുന്നു എന്നത് ഒരു വസ്തുതയാണെങ്കിലും ഇതിന്റെ ഗുണം യഥാർത്ഥ ഗുണഭോക്താക്കളായ ആദിവാസികൾക്ക് ലഭിക്കുന്നുണ്ടോയെന്ന് അന്വേഷിക്കേണ്ടതാണ്. ക്ഷേമപദ്ധതികൾക്ക് ചെലവിടുന്ന കോടികൾ പദ്ധതി നടത്തിപ്പുകാരും ഇടനിലക്കാരും ചോർത്തുകയാണ്. അത് അട്ടപ്പാടിയിലെ ശിശുമരണങ്ങൾ പോലെ ആദിവാസികളുടെ ജീവന് തന്നെ ഭീഷണിയായിരിക്കുന്നുവെന്നതിന്റെ ഏറ്റവുമൊടുവിലെ ഉദാഹരണമാണ് മൂന്ന് മാസങ്ങൾക്ക് മുമ്പ് ആദിവാസി ഊരുകളിൽ മായം കലർന്ന വെളിച്ചെണ്ണയടങ്ങിയ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്ത സംഭവം. വലിയ പ്രതിഷേധങ്ങൾക്കൊടുവിൽ വിതരണക്കാരനോട് പിഴയടയ്ക്കാൻ സർക്കാർ ഉത്തരവ് വന്നെങ്കിലും അത് നടപ്പാകുമോയെന്ന് കണ്ടറിയണം.

ഭക്ഷ്യക്കിറ്റിലെ വിഷം

ജൂൺ മാസം ഇടുക്കി ജില്ലയിലെ വെള്ളിയാമറ്റം പഞ്ചായത്തിലെ ആദിവാസി ഊരുകളിൽ മഴക്കാല ഭക്ഷ്യസഹായ പദ്ധതി പ്രകാരം പട്ടികവർഗ വികസന വകുപ്പ് നൽകിയ ഭക്ഷ്യക്കിറ്റിലാണ് ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ഉൾപ്പെടുത്തിയത്. ഈ വെളിച്ചെണ്ണ ഉപയോഗിച്ച് പാചകം ചെയ്ത മൂലക്കാട്, വെണ്ണിയാനി, കട്ടിക്കയം, പെരുമ്പാപ്പതി, ഉപ്പുകുന്ന്, കള്ളിക്കൽ, പെരിങ്ങാശേരി, ഗുരുതിക്കളം എന്നിവിടങ്ങളിൽ നിന്നുള്ള അറുപതോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇവർ സമീപ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. ഉടുമ്പന്നൂർ പഞ്ചായത്തിലെ വെണ്ണിയാനിയിൽ കൂടുതൽ പേർക്ക് ഭക്ഷ്യവിഷബാധയുണ്ടാകാനുള്ള സാദ്ധ്യത മുൻനിറുത്തി സ്ഥലത്ത് ഉടൻ തന്നെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് ആവശ്യമായ ചികിത്സയും മാർഗനിർദേശങ്ങളും നൽകി. മായം കലർന്ന വെളിച്ചെണ്ണയാണ് വിതരണം ചെയ്തതെന്ന് കണ്ടെത്തിയതോടെ പലരും ഇതുപയോഗിച്ചില്ല. ഇതിനാൽ മാത്രമാണ് വലിയ ദുരന്തം ഒഴിവായത്. സംസ്ഥാനത്ത് ഒരു ലക്ഷത്തോളം കിറ്റുകൾ വിതരണം ചെയ്തതായാണ് കണക്ക്. ഇതിൽ ചിലയിടങ്ങളിൽ വിതരണം ചെയ്ത കിറ്റിലാണ് നിരോധിച്ച വെളിച്ചെണ്ണ പായ്ക്കറ്റുകൾ ഉൾപ്പെടുത്തിയിരുന്നത്. കിറ്റിലുണ്ടായിരുന്ന വെളിച്ചെണ്ണയുടെ കവറിൽ രേഖപ്പെടുത്തിയിട്ടുള്ള ഫോൺ നമ്പറിൽ ഒമ്പതക്കം മാത്രമാണുണ്ടായിരുന്നത്. നേരത്തെ സപ്ലൈക്കോ, ത്രിവേണി സൂപ്പർമാർക്കറ്റുകൾ വഴിയാണ് കിറ്റുകൾ നൽകിയിരുന്നതെങ്കിൽ ഇത്തവണ സ്വകാര്യ കമ്പനിക്കായിരുന്നു വിതരണചുമതല. ആദിവാസി സെറ്റിൽമെന്റ് ഏരിയയിൽ എത്തിക്കുന്ന കിറ്റുകൾ റേഷൻകാർഡുമായെത്തി വീട്ടുകാർ കൈപ്പറ്റണം. വെളിച്ചെണ്ണയ്ക്കു പുറമെ ചെറുപയർ, പഞ്ചസാര, കടല, തേയില, കറിപൗഡറുകൾ തുടങ്ങിയവയും കിറ്റിൽ ഉൾപ്പെടുത്തിയിരുന്നു.

പ്രതിഷേധിച്ചപ്പോൾ മാത്രം നടപടി

സംഭവത്തിൽ ആദിവാസി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പരാതി നൽകിയതിനെ തുടർന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം വെളിച്ചെണ്ണയുടെ സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. പരിശോധനയിൽ എണ്ണ ഗുണനിലവാരമില്ലാത്തതാണെന്ന വിവരവും പുറത്തു വന്നിരുന്നു. എന്നാൽ മുഖ്യമന്ത്രി, പട്ടികവർഗ മന്ത്രി, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകി രണ്ട് മാസം കഴിഞ്ഞിട്ടും സംഭവത്തിൽ നടപടിയുമുണ്ടായില്ല. ഇതോടെ ആഗസ്റ്റ് 22ന് ജില്ലാ പട്ടികവർഗ ഓഫീസിനു മുന്നിൽ ഊര് മൂപ്പന്മാർ പ്രതിഷേധവുമായി രംഗത്തെത്തി. വിതരണം ചെയ്ത ഭക്ഷ്യസാധനങ്ങൾ ജില്ലാ പട്ടികവർഗ ഓഫീസിൽ തിരിച്ചേൽപ്പിച്ചായിരുന്നു സമരം. ജില്ലയുടെ വിവിധ മേഖലകളിൽ നിന്നുള്ള ഊരുമൂപ്പൻമാരാണ് സമരത്തിൽ പങ്കെടുത്തത്. എണ്ണയിൽ പാകം ചെയ്ത ചക്കക്കുരുവും സമരക്കാർ കൊണ്ടു വന്നിരുന്നു. സബ് കളക്ടർ ഹിയറിംഗിന് വിളിച്ചിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം നടത്തി വരികയാണെന്നും അധികൃതർ പറഞ്ഞിട്ടും സമരക്കാർ പിരിഞ്ഞു പോകാൻ തയ്യാറായില്ല. ഒടുവിൽ ഏറെ സമയത്തെ ചർച്ചയ്‌ക്കൊടുവിൽ ഐ.ടി.ഡി.പി ഓഫീസിൽ നിന്ന് ഡിവൈ.എസ്.പി ഓഫീസിലേയ്ക്ക് സംഭവം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. റിപ്പോർട്ട് ലഭിച്ചാൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുമെന്നും സമരക്കാരെ അറിയിച്ചു. തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

ഒടുവിൽ മായത്തിന് പിഴ

ശക്തമായ പ്രതിഷേധമുയർന്നതോടെ അഞ്ചിന് വിതരണക്കാരൻ ഏഴു ലക്ഷം രൂപ പിഴയടയ്ക്കാണമെന്ന് സബ് കളക്ടർ ഉത്തരവിട്ടു. വെളിച്ചെണ്ണ ഗുണനിലവാരമില്ലാത്തതാണെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് ചെറുതോണി പേട്ടയിൽ പി.എ. ഷിജാസിനോട് പിഴയടയ്ക്കാൻ സബ് കളക്ടർ ഡോ. അരുൺ എസ്. നായർ ഉത്തരവിട്ടത്. കേരശക്തി എന്ന പേരിൽ വിതരണം ചെയ്ത വെളിച്ചെണ്ണ നിലവാരമില്ലാത്തതും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷൻ ഇല്ലാത്തതതുമാണെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇത് വിതരണം ചെയ്യാനായി ഭക്ഷ്യ സുരക്ഷാ വകുപ്പിൽ ഹാജരാക്കിയത് വ്യാജ രജിസ്‌ട്രേഷനാണെന്നും കണ്ടെത്തി. കാലാവധി കഴിഞ്ഞുള്ള ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷന്റെ മറവിലാണ് ഇവർ വെളിച്ചെണ്ണ വിൽപ്പന നടത്തിയത്. വെളിച്ചെണ്ണ വിതരണം ചെയ്യാനുള്ള അനുമതിയ്ക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിന് നൽകിയ സ്റ്റാർ ഫുഡ്സ് എന്ന പേരിൽ വിതരണക്കാർ നൽകിയത് വ്യാജ വിവരങ്ങൾ ആയിരുന്നെന്നും രജിസ്‌ട്രേഷൻ കാലാവധി കഴിഞ്ഞതാണെന്നും വ്യക്തമായിട്ടുണ്ട്. അതിനാൽ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്തത് കടുത്ത നിയമ ലംഘനമാണെന്നും വിലയിരുത്തി. എന്നാൽ തമിഴ് നാട്ടിൽ നിന്നെത്തിച്ച വെളിച്ചെണ്ണ പായ്ക്കറ്റിലാക്കി നൽകുക മാത്രമാണ് ഉണ്ടായതെന്നാണ് വിതരണക്കാരൻ മൊഴി നൽകിയത്. പാചകം ചെയ്ത് ഭക്ഷ്യ വസ്തുക്കളാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ രജിസ്‌ട്രേഷൻ ഉപയോഗിച്ച് വിതരണം ചെയ്തിരുന്നതെന്നും ഇത് നിറുത്തലായ ശേഷമാണ് വെളിച്ചെണ്ണ കച്ചവടം തുടങ്ങിയതെന്നും ഷിജാസ് സബ് കളക്ടറെ അറിയിച്ചു. എന്നാൽ നിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്തതിനു പുറമെ പായ്ക്കറ്റിനു പുറത്ത് തെറ്റായ വിവരങ്ങൾ രേഖപ്പെടുത്തിയതുൾപ്പെടെയുള്ള കുറ്റങ്ങൾ ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് പിഴയടയ്ക്കാൻ സബ് കളക്ടർ ഉത്തരവിട്ടത്. 15 ദിവസത്തനകം തുക അടച്ചില്ലെങ്കിൽ തുടർ നടപടി സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്. ഒരു ഭാഗത്ത് പാവം ആദിവസികളായതിനാൽ തന്നെ തുടർനടപടിയെന്താകുമെന്ന് കാത്തിരുന്ന് തന്നെ കാണാം.