തൊടുപുഴ: ഹോട്ടലുകൾ, റിസോർട്ടുകൾ, ലോഡ്ജുകൾ, ഹോംസ്റ്റേകൾ, ഭക്ഷണശാലകൾ തുടങ്ങി അഞ്ചോ അതിലധികമോ മുറികൾ താമസിക്കാൻ വാടകയ്ക്ക് നൽകുന്ന സ്ഥാപനങ്ങളിൽ ശുചിത്വം ഉറപ്പാക്കാനുള്ള 'സ്വച്ഛത ഗ്രീൻ ലീഫ് റേറ്റിങ്' ജില്ലയിൽ ആദ്യഘട്ടം പൂർത്തിയായി. ഇതുവരെ 41 സ്ഥാപനങ്ങൾക്ക് റേറ്റിങ് നൽകിയതെന്ന് ശുചിത്വ മിഷൻ അധികൃതർ പറഞ്ഞു. 74 സ്ഥാപനങ്ങളാണ് സ്വച്ഛത ഗ്രീൻ ലീഫ് റേറ്റിങ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ എട്ട് സ്ഥാപനങ്ങൾക്ക് അഞ്ച് ലീഫ് റേറ്റിങ്ങുണ്ട്. 18 സ്ഥാപനങ്ങൾക്ക് 3 ലീഫ്, 15 സ്ഥാപനങ്ങൾക്ക് ഒരു ലീഫ് റേറ്റിങ്ങുമാണ്. ഇടുക്കി, ദേവികുളം സബ് ഡിവിഷൻ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തിൽ രൂപീകരിച്ച വെരിഫിക്കേഷൻ കമ്മിറ്റി സ്ഥാപനങ്ങളിലെത്തി പരിശോധിച്ച ശേഷമാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. കേന്ദ്ര, സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, സ്വച്ഛ് ഭാരത് മിഷൻ, സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത നവകേരളം പദ്ധതിയും സംയുക്തമായാണ് റേറ്റിങ് ആവിഷ്കരിച്ചത്. ജില്ലയിലെ മുഴുവൻ ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങളും ഗ്രീൻ ലീഫ് റേറ്റിങ്ങിന്റെ പരിധിയിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് അധികൃതർ.

റേറ്റിങ് ഇങ്ങനെ

ആകെ മാർക്ക്- 200

180- 200 മാർക്ക്: 5 ലീഫ് റേറ്റിങ്

130- 180 മാർക്ക്: 3 ലീഫ് റേറ്റിങ്

100- 130 മാർക്ക്: 1 ലീഫ് റേറ്റിങ്


ഇത് വൃത്തിക്കുള്ള സ്റ്റാർ
സ്റ്റാർ റേറ്റിങ് ആഡംബരങ്ങൾക്കാണെങ്കിൽ ലീഫ് റേറ്റിങ് ശുചിത്വത്തിനാണ് നൽകുന്നത്. മൂന്ന് ഘട്ടങ്ങളിലൂടെയാണ് റേറ്റിങ് പൂർത്തിയാകുക. റേറ്റിങ് എങ്ങനെയാണ്, എന്തെല്ലാമാണ് പരിഗണിക്കുക തുടങ്ങിയ വിവരങ്ങൾ സ്ഥാപനങ്ങളെ ആദ്യം തന്നെ ധരിപ്പിക്കും. ഇതിന് ശേഷം ഖര, ദ്രവ, ശൗചാലയ മാലിന്യസംസ്കരണം ശാസ്ത്രീയമാക്കാനുള്ള സംവിധാനങ്ങളും നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗവും പരിശോധിക്കും. ഇവയെക്കുറിച്ച് സ്ഥാപനങ്ങൾക്ക് തന്നെ വെബ് പോർട്ടലിലുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിലൂടെ വിലയിരുത്തി മാർക്ക് നൽകാം. ശേഷം വെരിഫിക്കേഷൻ കമ്മിറ്റി സ്ഥാപനങ്ങളിലെത്തി അറിയിച്ചിട്ടുള്ള സംവിധാനങ്ങളെല്ലാം ഉണ്ടോയെന്ന് പരിശോധിക്കും. മാർക്ക് കൂടാനും കുറയാനുമുള്ള സാധ്യതയുണ്ട്. തുടർന്നാണ് റേറ്റിങ് നൽകുക.