ഇടുക്കി: വൈവിധ്യമാർന്ന ഉത്പന്നങ്ങൾ ന്യായവിലയ്ക്ക് വിൽക്കാൻ സംസ്ഥാനമാകെ 2154 ഓണചന്തകളുമായി കുടുംബശ്രീ. ജില്ലാ കുടുംബശ്രീയുടെ കീഴിലുള്ള സി.ഡി.എസ്സുകളിൽ ഓരോന്നിലും രണ്ടു വീതം 110 മേളകളും കൂടാതെ ജില്ലാ വിപണന മേളയും നടക്കും. കട്ടപ്പന നഗരസഭ സി.ഡി.എസുകളുടെ നേതൃത്വത്തിൽ 11 മുതൽ 14 വരെയാണ് ജില്ലാതല വിപണന മേള. മുനിസിപ്പൽ ചെയർപേഴ്സൺ ബീന ടോമി 11ന് ഉദ്ഘാടനം ചെയ്യും. സൂക്ഷ്മ സംരംഭ മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭകർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളാണ് പ്രധാനമായും മേളയിലുണ്ടാകുക. ഫ്രഷ് ബൈറ്റ്സ് ചിപ്സ്, ശർക്കരവരട്ടി ഉൾപ്പെടെ ബ്രാൻഡ് ചെയ്ത ഉൽപ്പന്നങ്ങൾ, വിവിധ തരം ധാന്യപ്പൊടികൾ, ഭക്ഷ്യോത്പന്നങ്ങൾ, ജെ.എൽ.ജി പച്ചക്കറികൾ, മൂല്യവർദ്ധിത ഉത്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, കാർഷികോത്പന്നങ്ങൾ എന്നിവയും ഉണ്ടാകും. ഒരു അയൽക്കൂട്ടത്തിൽ നിന്ന് കുറഞ്ഞത് ഒരു ഉത്പന്നമെങ്കിലും മേളയിൽ എത്തിക്കും. ജില്ലാതല മേള 14 ന് സമാപിക്കും.