മൂന്നാർ: ബൈസൺവാലി ചൊക്രമുടി മലനിരകളിലെ കൈയേറ്റത്തിന് കൂട്ടുനിൽക്കുകയും പ്രകൃതി നശിപ്പിക്കുകയും ചെയ്ത റവന്യൂ മന്ത്രിയാണ് വിഷയത്തിലെ ഒന്നാം പ്രതിയെന്ന് രമേശ് ചെന്നിത്തല ചൊക്രമുടിയിൽ പറഞ്ഞു. മലനിരകൾ വെട്ടി നിരത്തിയുള്ള കൈയേറ്റം സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഉന്നത റവന്യൂ സംഘത്തിന്റെയും സർക്കാരിന്റെയും ഒത്താശയോടെയാണ് അതീവ പരിസ്ഥിതിലോല മേഖലയിൽ നടന്ന നിർമ്മാണ പ്രവർത്തനങ്ങൾ. അതീവ സംരക്ഷണ വിഭാഗത്തിൽപ്പെട്ട വരയാടുകളും നീലക്കുറിഞ്ഞി ചെടികളും ഉൾപ്പെട്ട ജൈവവൈവിധ്യ കേന്ദ്രമായ ചൊക്രമുടി മലനിരകൾ മുഴുവൻ റവന്യൂ ഭൂമിയായിരുന്നു. നിരവധി പേരുടെ ഏക ജലസ്രോതസായ മുതിരപ്പുഴയാറിന്റെ ഉത്ഭവ കേന്ദ്രവും ഇവിടെ നിന്നാണ്. ഇവിടെ മാസങ്ങളോളം നീണ്ടുനിന്ന കൈയേറ്റ പ്രവർത്തനങ്ങൾ സർക്കാർ ഉദ്യോഗസ്ഥർ അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാൻ കഴിയുന്നതല്ല. കൈയേറ്റക്കാരന് പട്ടയം ഉൾപ്പെടെയുള്ള വ്യാജ രേഖകൾ നിർമ്മിക്കാൻ റവന്യൂ മന്ത്രിയും സി.പി.ഐ ജില്ലാ നേതൃത്വവും സഹായിച്ചെന്ന മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ സി.പി.ഐ നേതാവിന്റെ വെളിപ്പെടുത്തലും ഗൗരവമായി അന്വേഷിക്കേണ്ടതാണ്. കൈയേറ്റക്കാരെ സഹായിക്കുന്നതിനായി ജില്ലയിലെ ഇടതു നേതാക്കൾ നിരന്തര ഇടപെടലുകളാണ് നടത്തുന്നത്. ഒറ്റമരം മുതൽ ഗ്യാപ് റോഡ് വരെയുള്ള മുഴുവൻ കൈയേറ്റങ്ങളും ഒഴിപ്പിക്കണമെന്നും ഇവിടെ അനധികൃതമായി വിതരണം ചെയ്തിട്ടുള്ള മുഴുവൻ പട്ടയങ്ങളും റദ്ദാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ബൈസൺവാലിയിലെ പ്രതിഷേധ യോഗത്തിലും അദ്ദേഹം സംസാരിച്ചു. ഒരു പ്രതിഷേധ യോഗത്തിലൂടെ വിഷയം അവസാനിപ്പിക്കില്ലെന്നും കൈയേറ്റക്കാരെയും അതിനു കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും ഒത്താശ ചെയ്ത ഇടതു സർക്കാരിലെ പ്രമുഖരെയും വെളിച്ചത്തു കൊണ്ടുവരുന്നത് വരെ പോർമുഖത്ത് കോൺഗ്രസ് പാർട്ടിയും താനും ഉണ്ടാകുമെന്നും പ്രദേശത്തെ ജനങ്ങൾക്ക് ഉറപ്പു നൽകിയാണ് ചെന്നിത്തല മടങ്ങിയത്. അദ്ദേഹത്തിനൊപ്പം ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, ഡീൻ കുര്യാക്കോസ് എം.പി, മുൻ ഡി.സി.സി പ്രസിഡന്റുമാരായ ഇബ്രാഹിംകുട്ടി കല്ലാർ, ജോയ് തോമസ്, റോയി കെ. പൗലോസ്, നേതാക്കളായ എം.എൻ. ഗോപി, തോമസ് രാജൻ, സേനാപതി വേണു, എ.കെ. മണി, എ.പി. ഉസ്മാൻ, കെ.എസ്.അരുൺ, ടി.എസ്. സിദ്ദിഖ്, ബാബു പി. കുര്യാക്കോസ് എന്നിവരുമുണ്ടായിരുന്നു.