പീരുമേട്: കൊട്ടാരക്കര- ഡിണ്ടുക്കൽ ദേശീയപാതയിൽ പീരുമേട് മത്തായി കൊക്കയ്ക്ക് സമീപം കാർ 200 അടി താഴ്ചയിലക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്. എരുമേലി സ്വദേശികളായ ഹരിപ്രിയ (17), അബിഷല (17), മുണ്ടക്കയം സ്വദേശി ജസ്റ്റിൻ (19) എന്നിവർക്ക് പരിക്കേറ്റത്. ഡ്രൈവർ പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപെട്ടു. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചരയോടെ കുമളിയിൽ നിന്ന് എരുമേലി ഭാഗത്തേക്ക് പോയ കാറാണ് ബ്രേക്ക് നഷ്ടപ്പെട്ട് മറിഞ്ഞ് കൊക്കയിൽ പതിച്ചത്. 200 അടി താഴ്ചയിലേക്ക് വീണ കാർ പൂർണമായും തകർന്നു. ഈ അപകടം നടന്ന ഭാഗത്തെ ദേശീയപാതയിൽ മുമ്പ് കാറപകടത്തിൽ ക്രാഷ് ബാരിയർ തകർന്നിരുന്നു. വാഹനം ഇടിച്ച് തകർന്ന ക്രാഷ് ബാരിയർ ദേശീയ പാതാ വിഭാഗം പുനഃസ്ഥാപിച്ചില്ല. ഈ ഭാഗം നിരന്തര അപകട മേഖലയാണ്. ഇവിടെ മുമ്പ് വാഹനാപകടത്തിൽ മരണം വരെ സംഭവിച്ചിട്ടുണ്ട്.