
തൊടുപുഴ: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടൻ ബാബുരാജ് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതി തൊടുപുഴ ഡിവൈ.എസ്.പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. എ.ഐ.ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തിന് യുവതി ഇ- മെയിൽ വഴി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബാബുരാജിനെതിരെ പൊലീസ് കേസെടുത്തിരുന്നു.
അന്വേഷണത്തിന്റെ ആദ്യപടിയായി ഇപ്പോൾ കേരളത്തിന് പുറത്തുള്ള യുവതിയെ ഈയാഴ്ച തന്നെ അടിമാലി പൊലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായ മൊഴി രേഖപ്പെടുത്തും. തുടർന്ന് വൈദ്യപരിശോധനയടക്കം നടത്തും. പീഡനം നടന്നുവെന്ന് പരാതിയിൽ പറയുന്ന അടിമാലിയിലെയും ആലുവയിലെയും സ്ഥലങ്ങളിൽ യുവതിയെ എത്തിച്ച് തെളിവെടുക്കുമെന്നും സാക്ഷികളുണ്ടെങ്കിൽ കണ്ടെത്തി മൊഴി രേഖപ്പെടുത്തുമെന്നും ഡിവൈ.എസ്.പി ഇമ്മാനുവൽ പോൾ പറഞ്ഞു.
ബാബുരാജിന്റെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു യുവതി. അഭിനയ മോഹമുള്ള യുവതിയെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി 2018- 2019 കാലഘട്ടത്തിൽ അടിമാലി കമ്പിലൈനിലുള്ള ബാബുരാജിന്റെ റിസോർട്ടിലും ആലുവയിലെ വീട്ടിലും വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഓൺലൈനിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തത്.
എന്നാൽ യുവതിയുടെ ആരോപണം ബാബുരാജ് നിഷേധിച്ചിരുന്നു.
നടൻ അർദ്ധനഗ്ന
ഫോട്ടോ അയച്ചെന്ന്
രഞ്ജിനി ഹരിദാസ്
കൊച്ചി: ഒരു നടൻ തനിക്ക് അർദ്ധനഗ്നചിത്രം അയച്ചെന്നും അത്തരം ഫോട്ടോ കൈമാറാൻ ആവശ്യപ്പെട്ടെന്നും അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസിന്റെ വെളിപ്പെടുത്തൽ. നടന്റെ പേര് പറയാൻ കഴിയില്ലെന്നും തെളിവ് കൈവശമില്ലെന്നും ചാനൽ അഭിമുഖത്തിൽ അവർ പറഞ്ഞു.
നടന് അപ്പോൾ തന്നെ നല്ല മറുപടി കൊടുത്തു. തുടക്കക്കാരായ ചെറിയ പെൺകുട്ടികൾ പോലും ലൈംഗികാതിക്രമം നേരിടുന്നു. ചൂഷണത്തിന് ഇരയാകുന്നവരിൽ പുരുഷന്മാരും ഏറെയുണ്ട്. ഉദ്ഘാടനച്ചടങ്ങുകളുടെ മറവിലും മോഡലിംഗിലും ലൈംഗികചൂഷണം വ്യാപകമാണ്. കണ്ണൂരിൽ പരസ്യചിത്രീകരണത്തിനിടെ അത്തരം അനുഭവമുണ്ടായി.
ഗോഡ്ഫാദർമാരില്ലാതെ സിനിമാ മോഹവുമായി വരുന്നരാണ് ചതിക്കുഴിയിൽ വീഴുന്നതെന്നും രഞ്ജിനി പറഞ്ഞു.
നടിയെ ചൂഷണം ചെയ്യാനുള്ള
ശ്രമം എതിർത്തതിന് തന്നെ
വിലക്കിയെന്ന് സംവിധായിക
കൊച്ചി: പണം വാഗ്ദാനം ചെയ്ത് നടിയെ ലൈംഗികമായി ചൂഷണം ചെയ്യാനുള്ള ശ്രമത്തെ എതിർത്തതിന് തന്നെ സിനിമയിൽ നിന്ന് വിലക്കിയെന്ന് യുവ സംവിധായിക സൗമ്യ സദാനന്ദൻ. സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് ഹേമ കമ്മിറ്റിയോട് വ്യക്തമാക്കിയ കാര്യങ്ങൾ സൗമ്യ തുറന്നുപറഞ്ഞത്.
സിനിമയിലെ നല്ല ആൺകുട്ടികൾക്കും മറ്റൊരു മുഖമുണ്ട്. പവർ ഗ്രൂപ്പും സ്വജനപക്ഷപാതവുമുണ്ട്. തന്റെ ആദ്യ സിനിമ അനുവാദമില്ലാതെ പ്രധാന നടനും സഹനിർമ്മാതാവും ചേർന്ന് എഡിറ്റ് ചെയ്തു. ആദ്യ സിനിമയ്ക്ക് ശേഷം മറ്റ് പ്രോജക്ടുകളുമായി നിർമ്മാതാക്കൾ സഹകരിച്ചില്ല. പുതിയ പ്രോജക്ടുകളുമായി വനിതാ നിർമ്മാതാക്കളെ വരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. 2020ൽ സിനിമ വിട്ടു. താൻ മനഃപൂർവം സിനിമ വിടുകയോ തന്നെ സിനിമ വിട്ടുകളയുകയോ ചെയ്തതല്ല. മിന്നുന്നതെല്ലാം പൊന്നല്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഓരോ സംഭവവും സത്യമാണെന്നും കുറിപ്പിൽ സൗമ്യ പറയുന്നു.