തൊടുപുഴ: ഓണ സദ്യയ്ക്കൊടുവിൽ തൂശനിലയിലേക്ക് വിളമ്പുന്ന പായസത്തിന്റെ മധുരത്തിലേക്ക് പപ്പടവും പഴവും ചേർത്ത് ഒരു പിടി, ഹാ.. അന്തസ്. പായസത്തിൽ കേമൻ പാലടയെന്നാണ് ഒരു പക്ഷമെങ്കിൽ ഗോതമ്പിനും പരിപ്പിനും അടയ്ക്കുമെല്ലാം ഇഷ്ടക്കാരേറെയാണ്. ഈ പായസ ലിസ്റ്റിൽ ഇപ്പോൾ പുതിയ നിരവധി അതിഥികളുമുണ്ട്. മാമ്പഴം, ചക്ക, ചക്കക്കുരു, തുമ്പപ്പൂ തുടങ്ങി സ്ട്രോബറി വരെ ഈ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. ഓണം ഉണ്ണാൻ തയ്യാറെടുക്കുന്നവരുടെ ഇലയിലേക്ക് മധുരമൂറും വിളമ്പാനുള്ള പായസം ഒരുക്കുന്നതിനുള്ള തിരക്കിലാണ് വ്യാപാരികളും. ഇതിന് തെളിവാണ് വിവിധ ഇടങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുന്ന പായസ സ്റ്റാളുകൾ. അട പായത്തിനാണ് ആവശ്യക്കാർ കൂടുതൽ. ഒപ്പത്തിനൊപ്പം ഗോതമ്പും പരിപ്പുമുണ്ട്. പായസം തയ്യാറാക്കുന്നത് അത്ര എളുപ്പമല്ല. അട തയ്യാറാക്കി അതിനനുസരിച്ച് തേങ്ങാപ്പാലും ശർക്കരയും ചേർത്ത് കെെമാറാതെ ഇളക്കി നമ്മുടെ മുന്നിലേക്ക് എത്തുന്നത് നിമിഷ നേരം കൊണ്ടല്ല. എന്നാൽ ഇന്ന് കാലം മാറിയപ്പോൾ അടപ്പായസം വരെ പാകമായി ഓർഡർ അനുസരിച്ച് മുന്നിലേക്ക് എത്തും. ഇലയിട്ട് സദ്യയ്ക്കൊപ്പം വിളമ്പിയാൽ മാത്രം മതി.
മഴ കല്ലുകടി
അത്തം മുതൽ അകമ്പടിയോടെ എത്തിയ മഴ കച്ചവടത്തെ ബാധിച്ചു. തുടക്കനാളുകളിൽ ഒരു കടയിൽ നിന്ന് 35 ലിറ്റർ വരെയാണ് ദിവസം ശരാശരി വിറ്റിരുന്നത്. അവധി ദിനങ്ങളിലാണ് കച്ചവടം കൂടുതലായും നടക്കുന്നത്. ഇത്തവണ കഴിഞ്ഞ വർഷത്തെ അത്ര കച്ചവടം നടക്കുന്നില്ല. കാലാവസ്ഥ അനുകൂലമെങ്കിൽ തിരുവോണം ദിനത്തോടനുബന്ധിച്ച് ഏകദേശം 100 ലിറ്ററിലേറെ കച്ചവടം നടക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. നിത്യയോപയോഗ സാധനങ്ങളുടെ വിലവർദ്ധനവും പായസക്കച്ചവടക്കാരെ ബാധിച്ചുണ്ട്.
പായസം ഒരു ലിറ്ററിന് വില
പരിപ്പ്- 220
അട- 220
പാലട- 240
ഗോതമ്പ്- 220
'മഴ ചെറിയതോതിൽ ബുദ്ധിമുട്ട് സൃഷ്ടിച്ചു. എങ്കിലും കച്ചവടം ഊർജിതമായി പോകുന്നു. ഇനിയുള്ള നാളുകളിൽ കൂടുതൽ ആവശ്യക്കാരെത്തുമെന്നാണ് പ്രതീക്ഷ'
-അജേഷ് ഉണ്ണിക്കൃഷ്ണൻ, പായസം വിൽപ്പനക്കാരൻ