തൊടുപുഴ: ജീവനക്കാരില്ലെന്ന കാരണത്താൽ നെഹ്റു യുവ കേന്ദ്രയുടെ തൊടുപുഴയിൽ പ്രവർത്തിക്കുന്ന ജില്ലാ ഓഫീസ് അടച്ചു പൂട്ടി. എല്ലാ പ്രവർത്തി ദിവസങ്ങളിലും തുറക്കേണ്ട ഓഫീസ് ഒരു മാസത്തോളമായി അടഞ്ഞു കിടക്കുകയാണ്. തൊടുപുഴ ഗാന്ധി സ്‌ക്വയറിലെ മുനിസിപ്പാലിറ്റി കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് ജൂലായ് മുതൽ തുറക്കുന്നില്ല. കേരളത്തിൽ ആറു ജില്ലകളിൽ നിലവിൽ യൂത്ത് ഓഫീസർമാരില്ല. ജില്ലയിലെ കേന്ദ്രത്തിൽ 2019 വരെ മൂന്നു ജീവനക്കാരുണ്ടായിരുന്നു. ഇതിൽ രണ്ടു പേർ വിരമിച്ചു. മൂന്നാമത്തെയാൾ രോഗബാധിതനായി മരിച്ചതോടെയാണ് ഓഫീസിൽ ജീവനക്കാരില്ലാതായത്. 15 മുതൽ 29 വയസു വരെയുള്ളവർക്കായി സംഘടിപ്പിക്കുന്ന ക്ഷേമ പ്രവർത്തനങ്ങളാണ് നെഹ്റു യുവകേന്ദ്ര നടത്തുന്നത്. നേതൃത്വ പരിശീലന സെമിനാറുകൾ, ഹ്രസ്വകാല സ്വയംതൊഴിൽ പദ്ധതികൾ, കോഴ്സുകൾ, കമ്യൂണിറ്റി സഹവാസ ക്യാമ്പുകൾ, അയൽപക്ക യുവജന പാർലമെന്റ്, യൂത്ത് കൺ വൻഷനുകൾ, സ്‌പോർട്സ് മീറ്റ് എന്നിവയാണ് പ്രധാനമായും നെഹ്റു യുവകേന്ദ്ര സംഘടിപ്പിക്കുന്നത്.