
കട്ടപ്പന :കാഞ്ചിയാർ പള്ളികവലയിൽ റവന്യൂ ഭൂമി വനഭൂമി എന്നാക്കി മാറ്റുവാൻ വില്ലേജ് ആഫീസിലെ രേഖകളിൽ റിസർവ് ഭൂമി എന്നാക്കി കൃത്രിമം കാട്ടിയതായി പരാതി. കാഞ്ചിയാർ പള്ളികവലയിലേ ഫോറസ്റ്റ് റേൻജ് ആഫീസടക്കം സ്ഥിതിചെയ്യുന്ന 12 ഏക്കർ വരുന്ന ഭൂമിയുടെ രേഖയിലാണ് ഉദ്യോഗസ്ഥർ കൃത്രിമം നടത്തിയതായി പരാതിയുള്ളത് .
മുൻ എം എൽ എ വി റ്റി സെബാസ്റ്റ്യന്റെ കാലത്ത് ഗവ.കോളേജ് സ്ഥാപിക്കാൻ ഈ ഭൂമിയിൽ മുമ്പ് തറക്കല്ലിട്ടിട്ടുള്ളതാണ്.എന്നാൽ പിന്നീട് ഗവ. കോളേജ് കട്ടപ്പനയിൽ സ്ഥാപിക്കുകയായിരുന്നു., 1969ൽ പട്ടം കോളിനി സ്ഥാപിക്കുന്നതിനായി കമ്പംമെട്ട് നെടുംകണ്ടം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും കുടിയിറക്കിയ 100 ഓളം കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് മേഖല തെരഞ്ഞെടുത്തിരുന്നു .ഇതിന് ശേഷം മിച്ചം വന്ന ഭൂമി വനം വകുപ്പിന് സംരക്ഷണ ചുമതല നൽകി.ഈ സ്ഥലമാണ് രേഖകളിൽ കൃത്രിമം കാട്ടി വനഭൂമിയാക്കി മാറ്റിയിരിക്കുന്നത് .
2018 ന് മുമ്പ് റവന്യൂ ഭൂമി എന്ന് തന്നെയായിരുന്നു വില്ലേജ് രേഖകളിൽ. എന്നാൽ 2019 ന് ശേഷമാണ് വില്ലേജ് രേഖകളിൽ റിസർവ് ഫോറസ്റ്റ് എന്ന് രേഖപ്പെടുത്തൽ വന്നിരിക്കുന്നതെന്നാണ് ആക്ഷേപം. ഹൈറേഞ്ചിലെ കാർഷിക ഗ്രാമമായ കാഞ്ചിയാറിലെ വികസനത്തിന് ഇത്തരത്തിലെ നീക്കം പിന്നോട്ട് അടിക്കുമെന്നും മേഖലയെ വനഭൂമിയാക്കാനുള്ള നീക്കത്തിന്റെ ആരംഭം ആണോ ഇതൊന്ന് സംശയിക്കുന്നതായും പരാതിക്കാർ പറയുന്നു. അതോടൊപ്പം വില്ലേജ് രേഖകളിൽ വന്നിരിക്കുന്ന തിരുത്തൽ കൂടുതൽ അന്വേഷണങ്ങൾക്ക് വിധേയമാക്കണം. ഭൂമി റവന്യൂ വകുപ്പിന് തിരികെ നൽകി വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയും രേഖ തിരുത്തിയത് ആരാണെന്ന് കണ്ടെത്തുകയും വേണം.ഒപ്പം കാഞ്ചിയാറിൽ ഇതേസമയം മറ്റ് ഭൂരേഖ തിരുത്തലുകൾ ഉണ്ടായിട്ടുണ്ടൊയെന്ന് കണ്ടെത്തുകയും അന്വേഷണം വേണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടു. സംഭവത്തിൽ വില്ലേജ് ഓഫീസർ തഹസിൽദാർക്ക് റിപ്പോർട്ട് നൽകി.