> പുളിയന്മല റോഡിൽ വാഹനം കുടുങ്ങുന്നത് പതിവ്.
> റോഡിൽ മുഴുവൻ പാകപിഴകൾ.
> പലപ്പോഴും ഗതാഗതം സ്തംഭിക്കുന്നത് മണിക്കൂറുകൾ
കട്ടപ്പന : പേരുകേട്ട പാതയാണ്, അത്യാധുനിക നിലവാരത്തിലാണ് നിർമ്മാണം, പക്ഷെ തൊടുപുഴ പുളിയന്മല സംസ്ഥാനപാത വലിയ വാഹനങ്ങളുടെ ഡ്രശ്ശർമാർക്ക് പേടി സ്വപ്നമാണ്.തമിഴ്നാട്ടിൽ നിന്ന് അടക്കം കേരളത്തിലേക്ക് എത്തുന്ന ചരക്ക് വാഹനങ്ങൾ തൊടുപുഴ പുളിയന്മല സംസ്ഥാനപാതയുടെ ഭാഗമായ പുളിയന്മല റോഡിലൂടെ കട്ടപ്പനയിലെത്തിയാണ് കടന്നു പോകുന്നത് . കൂടാതെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പാത കൂടിയാണിത്.സദാസമയവും വലിയ തിരക്കും അനുഭവപ്പെടുന്നു. അഞ്ചോളം ഹെയർപിൻ വളവുകളാണ് കട്ടപ്പന മുതൽ പുളിയന്മല വരെയുള്ള ഭാഗങ്ങളിൽ ഉള്ളത്. റോഡിന് വേണ്ടത്ര വീതിയും ഇല്ല. ടോറസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ
വളവിൽ കുടുങ്ങുന്നത് പതിവാകുകയാണ്.കുത്തിറക്കത്തോടൊപ്പം ഭീമൻ വളവുകളാണ് പാതയിലുള്ളത്. അതോടൊപ്പം വളവുകളിലടക്കം വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്. ടോറസ് ലോറികൾ അടക്കം നന്നേ പാടുപെട്ടെ വളവുകൾ കടന്നു പോകുകയുള്ളൂ. ഈ സമയം ഗർത്തങ്ങളിൽ ടയർ കുടുങ്ങുന്നതോടെ വാഹനം മുന്നോട്ടും പിറകോട്ടും നീക്കാൻ സാധിക്കാതെ വരുന്നു. ഇതോടെ വാഹനം പാതയിൽ തന്നെ കുടുങ്ങുകയാണ് പതിവ്. പാതയുടെ അലൈൻമെന്റിനും പോരായ്മകൾ ഉണ്ട്. കൊടും വളവുകൾക്ക് അനുസൃതമായ വീതിയോ നിരപ്പോ വളവുകൾക്കില്ല. റോഡിലെ ഗർത്തങ്ങൾ അടയ്ക്കാൻ പൊതുമരാമത്തും നടപടി സ്വീകരിക്കുന്നില്ല.ഒരുമാസ കാലയളവിൽ നിരവധി വാഹനങ്ങളാണ് ഇവിടെ കുടുങ്ങിയിട്ടുള്ളത്. ഇവിടെ വാഹനങ്ങൾ സ്ഥിരമായി കുടുങ്ങുന്നതോടെ പൊലീസിനും തലവേദനയാകുകയാണ്.
ടോറസ്
വളവിൽ കുടുങ്ങി
ഇന്നലെ ഉച്ചയോടെയാണ് തൊടുപുഴ പുളിയന്മല സംസ്ഥാന പാതയിൽ ടോറസ് ലോറി കുടുങ്ങിയത്. പുളിയൻമലയിൽ നിന്ന് വരുമ്പോൾ ആദ്യത്തെ ഹെയർപിൻ വളവിലാണ് വാഹനം കുടുങ്ങിയത്. ഇതോടെ മണിക്കൂറുകളോളം ഗതാഗതം നിലച്ചു. തുടർന്ന് കട്ടപ്പന പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി വാഹനങ്ങൾ കടത്തിവിടാനുള്ള ശ്രമം ആരംഭിച്ചു. ആദ്യം ചെറിയ വാഹനങ്ങൾ കടത്തിവിടാൻ സാധിച്ചുവെങ്കിലും പാതിയിൽ വലിയ ഗതാഗത കുരുക്ക് ഉണ്ടാവാൻ കാരണമായി.തുടർന്ന് ജെസിബി ഉപയോഗിച്ച് ടോറസ് ലോറി വലിച്ചു നീക്കിയശേഷമാണ് പൂർണ്ണ തോതിൽ ഗതാഗതം പുനസ്ഥാപിക്കാൻ സാധിച്ചത്. ദീർഘദൂര ബസ്സുകളും , വിവാഹ വധു വരന്മാരും അടക്കം റോഡിൽ കുടുങ്ങി.
വഴി തിരിച്ച്
വിടണം
തമിഴ്നാട്ടിൽ നിന്നുള്ള ലോഡ് വാഹനങ്ങൾ അടിമാലി -കുമളി ദേശിയ പാത അടക്കമുള്ള റോഡിലൂടെ തിരിച്ചുവിടണമെന്നാണ് നാട്ടുകാരുടെയും ആവശ്യം.അതോടൊപ്പം ഇതുവഴിയുള്ള മലയോര ഹൈവേ നിർമാണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്. കൂടാതെ രൂപപ്പെട്ട ഗർത്തങ്ങൾ അടയ്ക്കാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറാവണമെന്ന ആവശ്യവും ഉയർന്നുവരുന്നു .