മുട്ടം: തോട്ടുങ്കര മുതൽ ചള്ളാവയൽ വരെയുള്ള റോഡ് കുത്തി പൊളിച്ചിട്ടും നന്നാക്കാത്തതിൽ പ്രതിഷേധിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി മർച്ചന്റ്സ് അസോസിയേഷൻ. ഒരു കിലോമീറ്ററോളം ദൂരത്തിൽ റോഡ് പകുതി ഭാഗം കുഴിച്ചാണ് പൈപ്പിട്ടത്. എന്നാൽ രണ്ട് മാസത്തോളമായി പണി നിലച്ചിരിക്കുകയാണ്. പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഭാഗത്ത് കൂടി വാഹനങ്ങൾക്ക് ഒരു രീതിയിലും യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യമാണ്. ഇത് മൂലം അവശേഷിക്കുന്ന ഭാഗത്ത് കൂടി കൂടുതൽ വാഹനങ്ങൾ കയറിയിറങ്ങുന്നത് മൂലം ആ ഭാഗത്തും റോഡിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ദിവസേന നൂറുകണക്കിന് കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഉപയോഗിക്കുന്ന ഒരു റോഡാണിത്. മുട്ടം ഭാഗത്ത് നിന്ന് പാലാ- ഈരാറ്റുപേട്ട ഭാഗങ്ങളിലേക്ക് ഈ ഒരു യാത്ര മാർഗ്ഗമാണ് പ്രധാനമായിട്ടുള്ളത്. അതു കൂടാതെ ഹൈറേഞ്ച് ഭാഗത്തു നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് രോഗികളെയും കൊണ്ടുപോകുന്നത് പ്രധാനമായും ഈ വഴിയാണ്. ഏകദേശം രണ്ടുമാസത്തിനു ശേഷം ശബരിമല സീസൺ കൂടി ആരംഭിക്കും. പൊളിഞ്ഞുകിടക്കുന്ന ഭാഗത്ത് കൂടി യാത്ര ഒഴിവാക്കി ഒരേ ദിശയിൽ തന്നെ വാഹനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിക്കുന്നതുമൂലം നിരന്തരം അപകടങ്ങൾ ഉണ്ടാകുന്നതും പതിവാണ്. യാത്രാ ക്ലേശം മൂലം ഈ വഴിയുള്ള യാത്ര ആളുകൾ ഒഴിവാക്കുന്നത് മൂലം വ്യാപാരികൾക്കും വൻ പ്രതിസന്ധി ഉണ്ടാവുന്നുണ്ട്. ജലജീവൻ മിഷന്റെ ഓഫീസിലും വാട്ടർ അതോറിട്ടിയിലും നിരന്തരം പരാതികൾ ഉന്നയിച്ചെങ്കിലും ശാശ്വതമായ പരിഹാരം ഇതുവരെയും ഉണ്ടായിട്ടില്ല. ഈ റോഡിന്റെ ദുരവസ്ഥ പരിഹരിക്കുന്നതിൽ അധികാരികൾ എത്രയും വേഗം നടപടികൾ കൈക്കൊള്ളുന്നില്ലെങ്കിൽ മുട്ടം മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വൻ പ്രക്ഷോഭ പരിപാടികൾ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വിജു. സി ശങ്കർ, ജനറൽ സെക്രട്ടറി ലിജു പി.ഡി, വൈസ് പ്രസിഡന്റ് കെ.കെ. നാരായണൻ, ജില്ലാ കമ്മറ്റി അംഗം കെ.എ. പരീത് എന്നിവർ സംസാരിച്ചു.