തൊടുപുഴ: ഓണക്കോടിയില്ലാത്ത ഓണം മലയാളിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. ഓണനാളിൽ അണിയാനും ഉറ്റവർക്ക് സമ്മാനിക്കാനുമായി വ്യത്യസ്തവും ആകർഷകവുമായ പുതുമയുള്ള വസ്ത്രങ്ങൾ തേടിയുള്ള യാത്ര അത്തം മുതൽ ആരംഭിക്കും. ഉപഭോക്താക്കളുടെ ഇച്ഛയ്ക്കനുസരിച്ച് പുത്തൻ ട്രെൻഡഡ് വസ്ത്രങ്ങൾ ഒരുക്കുന്നതിലുള്ള തിരക്കിലാണ് വസ്ത്രവ്യാപാരികളും. ഓരോരുത്തരും പറയുന്ന രീതിയിൽ വസ്ത്രങ്ങൾ ഒരുക്കുന്ന നിരവധി സ്ഥാപനങ്ങൾ ഇന്നുണ്ട്. ഓണക്കോടിയിലെ ട്രെൻഡിൽ മുൻപന്തിയിലുള്ളത് സാരികളാണ്. സെറ്റ് സാരികൾക്ക് കൂടുതൽ മികവ് പകരാൻ കഥകളി, ആന, മോഹിനിയാട്ടം, മഹാബലി ദൈവങ്ങളുടെ ചിത്രങ്ങൾ സാരികളിൽ തെളിയും. പൂക്കളുടെ പ്രിന്റുകളിൽ ഒരുക്കിയിരിക്കുന്ന സാരികൾ കാണാനും ഏറെ കൗതുകമാണ്. അവ കൂടുതലും കെെകൾകൊണ്ട് വരയ്ക്കുകയാണ് പതിവ്. ഇതിനും ആവശ്യക്കാർ ഏറെയാണ്. പ്രായഭേദമന്യേ ഇത്തരം സാരികൾ വാങ്ങാൻ എത്തുന്നവർ ധാരാളമാണ്. പുതുമയാർന്ന ആപ്ലിക്ക് വർക്കുകളിൽ നിർമ്മിക്കുന്ന സാരികൾക്കും ആവശ്യക്കാർ ഏറെയാണ്. പ്രത്യേകം എംബ്രോഡറി ചെയ്ത് പിന്നീട് സാരികളിലേക്ക് തുന്നിച്ചേർക്കുന്ന രീതിയാണിത്. ഇവയോടൊപ്പം അജ്റക്, കലംകാരി പ്രിന്റിലുള്ള സാരികൾക്കും ബ്ലൗസുകൾക്കും ഇപ്പോഴും ആവശ്യക്കാരുണ്ട്. വിദ്യാർത്ഥിനികളാണ് ഇവയുടെ ആവശ്യക്കാരിലധികവും.
സാരികളിൽ മാത്രമല്ല, സ്കൂളുകളിലും കോളേജുകളിലും വരാനിരിക്കുന്ന ഓണഘോഷത്തെ മുന്നിൽ കണ്ട് മുണ്ടിലും വെറെെറ്റി പിടിച്ചു വ്യാപാരികൾ. ഏവരെയും ആകർഷിക്കാൻ ഡബിൾ ഷെയ്ഡഡ് മുണ്ടുകളും വിപണിയിൽ എത്തിക്കഴിഞ്ഞു. യുവാക്കളാണ് ഇത്തരമുണ്ടുകളുടെ ആവശ്യക്കാർ. പുതിയ മുണ്ട് എത്തിക്കഴിഞ്ഞതു മുതൽ തേടിയെത്തുന്നവരും അനവധി. വെള്ളക്കസവുമുണ്ടിൽ മദ്ധ്യഭാഗത്ത് പല നിറങ്ങളും പ്രത്യക്ഷപ്പെടുന്ന തരത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
ഓണക്കോടിക്കുമുണ്ട് ഐതിഹ്യം
വർഷത്തിലൊരിക്കൽ വീട് സന്ദർശിക്കാനെത്തുന്ന മഹാബലിയെ സ്വീകരിക്കാൻ ഏറ്റവും മികച്ച രീതിയിൽ തന്നെ ഒരുങ്ങി നിൽക്കണമെന്നതാണ് ഓണക്കോടിയുടെ പിറവിയ്ക്ക് പിന്നിലെ വിശ്വാസം. തിരുവോണ നാളിൽ മഹാബലി തമ്പുരാൻ പ്രജകളെ കാണാൻ വരുന്ന സമയം പഴകിയതും മുഷിഞ്ഞതുമായ വസ്ത്രങ്ങൾ ധരിക്കുന്നത് നല്ലതല്ല. പ്രജകളുടെ ജീവിതത്തിൽ സമൃദ്ധിയുണ്ടെന്ന് മഹാബലിയെ ബോദ്ധ്യപ്പെടുത്താൻ കൂടിയാണിതെന്നും ഐതിഹ്യം.
സെറ്റ് സാരി വില
പവർലൂമിൽ നിർമ്മിച്ചത്- ₹700
ഹാൻഡ് ലൂമിൽ നിർമ്മിച്ചത്- ₹1500