കുമളി: വർഷങ്ങളായി പൂക്കട നടത്തിയുള്ള പരിചയവുമായി പൂക്കൾ സ്വന്തമായി കൃഷി ചെയ്ത് നൂറുമേനി വിജയം കൊയ്തിരിക്കുകയാണ് അണക്കരയിലെ ഫ്ളവർ ഷോപ്പ് ഉടമ രാജു ചാക്കോ. ബാംഗ്ലൂരിൽ നിന്നും വാങ്ങിയ ആയിരം ബെന്തിച്ചെടികളിൽ നിന്നാണ് ഓണക്കാലത്ത് ഇദ്ദേഹം പൂക്കൾ വിളവെടുത്തത്. വർഷങ്ങളായി ബാംഗ്ലൂരിൽ നിന്നും തമിഴ്നാട്ടിൽ നിന്നും വിവിധ ഇനങ്ങളിൽ പെട്ട പൂക്കൾ എത്തിച്ച് വ്യാപാരം നടത്തി വരുന്ന ആളാണ് രാജു. എന്നാൽ ഇത്തരം പൂക്കൾ എന്തുകൊണ്ട് ഇവിടെ കൃഷി ചെയ്ത് ഉത്പാദിപ്പിച്ചു കൂടാ എന്ന ചിന്ത അടുത്ത ഇടെയാണ് ഇദ്ദേഹത്തിന് ഉണ്ടായത്. ഒരു സുഹൃത്തിന് ആദ്യം 1500 ബെന്തി എന്ന് അറിയപ്പെടുന്ന ചെണ്ടുമല്ലി ഇനത്തിൽപ്പെട്ട തൈകൾ ബാംഗ്ലൂരിൽ നിന്നും എത്തിച്ചു നൽകി. ഇത് നട്ടതിന് പിന്നാലെ രാജു സ്വന്തമായി 1000 തൈകൾ വാങ്ങുകയും സുഹൃത്തായ രതീഷ് വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് തൈകൾ നട്ടുവളർത്തുകയും ചെയ്തു. നല്ല മഴയത്ത് ആണ് തൈകൾ നട്ടതെങ്കിലും പ്രതീക്ഷിച്ചതിനേക്കാൾ മികച്ച രീതിയിൽ ചെടികൾ വളർന്നു പൂവിട്ടു. ജണ്ടുമല്ലി നമ്മുടെ കാലാവസ്ഥയിൽ മികച്ച ഉത്പാദനം നൽകുമെന്ന് ഉറപ്പായതോടെ താല്പര്യമുള്ള കർഷകർക്ക് പ്രോത്സാഹനം നൽകുന്നതിനായി 10 പേർക്ക് സൗജന്യമായി 100 തൈകൾ വീതം നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുകയാണ് രാജു ചാക്കോ.
ചക്കുപള്ളം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആഷ സുകുമാരൻ പൂന്തോട്ടത്തിലെ ആദ്യ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. കൃഷിവകുപ്പ് ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും കർഷകരും ചടങ്ങിൽ പങ്കെടുത്തു. കൃഷിയിലെ പരീക്ഷണം വിജയകരമായതോടെ കൂടുതൽ സ്ഥലത്ത് ചെടികൾ നട്ടു വളർത്തി ഉൽപാദനം കൂട്ടാനുള്ള ശ്രമത്തിലാണ് ഇദ്ദേഹം.