അടിമാലി: പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ മൂന്നാറിനേയും തേക്കടിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഏറ്റവും ദൈർഘ്യം കുറഞ്ഞ റോഡിനെ ദേശീയപാതയായിപരിഗണിയ്ക്കണമെന്ന് ആവശ്യം. മൂന്നാർ, വെള്ളത്തൂവൽ വിമലാ സിറ്റി, കൊന്നത്തടി മാങ്ങാപാറ, പണിക്കൻക്കുടി മുള്ളരിക്കൂടി, പെരിഞ്ചാംകുട്ടി, ഇരട്ടയാർ, കട്ടപ്പന വഴിതേക്കടിയിലെത്തുന്ന രീതിയിലുള്ള ഇപ്പോഴുള്ള റോഡ് ദേശീയ പാതയായി പരിഗണിക്കണമെന്നാവശ്യമുന്നയിച്ച് കൊന്നത്തടിവില്ലേജ് ടൂറിസം കമ്മറ്റിയാണ് ഡീൻ കുര്യാക്കോസ് എം.പിയ്ക്ക് നിവേദനം നൽകിയത്. തികച്ചും ഗ്രാമീണ,ജനവാസ മേഖലകളിലൂടെ കടന്നുപോകുന്ന തരത്തിലുള്ള പാത യാഥാർത്ഥ്യമായാൽ ടൂറിസം മേഖലയ്ക്ക് കൂടുതൽ കരുത്തു പകരുമെന്ന് സംഘാടകർ പറഞ്ഞു. കാറ്റാടിപ്പാറ, ബ്രൂസ് ലിമൗണ്ട്, ആൽപ്പാറ, കൊമ്പാടിഞ്ഞാൽ, മുതിരപ്പുഴ ടൂറിസം, പൊൻമുടി, ചെങ്കുളം ഹൈഡൽ ടൂറിസം കേന്ദ്രങ്ങൾ അടക്കമുള്ള ഇടങ്ങളിൽ വിനോദ സഞ്ചാരികൾ ഒഴുകിയെത്തുന്നതോടെ കൊന്നത്തടി, വെള്ളത്തൂവൽ, രാജാക്കാട് പഞ്ചായത്തുകളിൽ ടൂറിസം രംഗത്ത് മുന്നേറ്റമുണ്ടാക്കും.കൊന്നത്തടി ടൂറിസം വില്ലേജ് കമ്മറ്റിക്ക് വേണ്ടി പ്രസിഡന്റ് രഘുനാഥൻനായർ നിവേദനം നല്കി