ഇടുക്കി: തൊഴിലുറപ്പ് തൊഴിലാളികൾക്ക് മ്ലാവിന്റെ ആക്രമണത്തിൽ പരിക്കേറ്റു. ഇടുക്കി പുത്തൻപുരയ്ക്കൽ ഉഷ വിജയനും (55)​ വട്ടശ്ശേരിൽ രാജേന്ദ്രൻ നായർക്കുമാണ് (57)​ പരിക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഇടുക്കി ഗുരുമന്ദിരത്തിന് സമീപം തൊഴിലുറപ്പ് ജോലി ചെയ്ത ശേഷം ഭക്ഷണം കഴിക്കാനായി പോകുന്നതിനിടെയാണ് തൊഴിലാളികൾക്കിടയിലേക്ക് മ്ലാവെത്തിയത്. തൊഴിലാളികൾക്കിടയിലൂടെ ഓടുന്നതിനിടെ ഉഷയുടെ നെറ്റിയിൽ മ്ലാവിന്റെ കൊമ്പ് കൊണ്ട് മുറിവേറ്റു. കുളമ്പ് കൊണ്ട് കൈയിലും മുറിവുണ്ടായി. മ്ലാവിന്റെ ചവിട്ടേറ്ര് രാജേന്ദ്രൻ നായർക്കും പരിക്കേറ്റു. ഉഷയെ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തി ചികിത്സ തേടി. നിർദ്ധനയായ സ്ത്രീക്ക് ഇപ്പോൾ മൂന്ന് ദിവസം കൂടുമ്പോൾ പേവിഷ ബാധയ്ക്കുള്ള ഇഞ്ചക്ഷനും​ ഒന്നിടവിട്ട ദിവസങ്ങളിൽ നെറ്റിയിലെ മുറിവ് ഡ്രസ് ചെയ്യാനും ആശുപത്രിയിലെത്തണം. മേഖലയിൽ വർദ്ധിക്കുന്ന വന്യജീവി ശല്യത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.