കുമാരമംഗലം: ഓണസമൃദ്ധി 2024 ന്റെ ഭാഗമായി കുമാരമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിലുള്ള ഓണ വിപണി ഇന്ന് കുമാരമംഗലം ജംഗ്ഷനിൽ ആരംഭിക്കും. ഉച്ചയ്ക്ക് 12ന് ആരംഭിക്കുന്ന ഓണ വിപണിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ് നിർവഹിക്കും. വൈസ് പ്രസിഡന്റ് സിബിൻ വർഗീസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജനപ്രതിനിധികളും കാർഷിക വികസന സമിതി അംഗങ്ങളും കർഷകരും പങ്കെടുക്കും. കർഷകരുടെ പ്രാദേശിക കാർഷിക ഉത്പന്നങ്ങൾ പൊതുവിപണിയേക്കാൾ പത്ത് ശതമാനം അധിക വില നൽകി സംഭരിക്കുകയും പൊതുവിപണിയേക്കാൾ 30 ശതമാനം വില കുറച്ച് ഗുണഭോക്താക്കൾക്ക് നൽകുന്ന പദ്ധതിയാണ് ഓണ വിപണി. സെപ്തംബർ 11 മുതൽ 14 വരെയാണ് വിപണി നടത്തുന്നത്. ഓണ വിപണിയുടെ പ്രയോജനം മുഴുവൻ കർഷകരും ഗുണഭോക്താക്കളും പ്രയോജനപ്പെടുത്തണമെന്ന് കുമാരമംഗലം കൃഷി ഓഫീസർ അറിയിച്ചു.