ചെറുതോണി: ജില്ലയിലെ ഉൾനാടുകളിൽനിന്ന് പ്രധാന റോഡുകളിലേക്ക് ജനങ്ങൾക്ക് എത്തിച്ചേരാനുള്ള ഗതാഗത സൗകര്യം ഉറപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇടുക്കി നിയോജകമണ്ഡലത്തിൽ പൊതുഗതാഗത സംവിധാനം നിലവിലില്ലാത്ത സ്ഥലങ്ങളിൽ ബസ് റൂട്ടുകൾ നിശ്ചയിക്കുന്നതിനായി സംഘടിപ്പിച്ച ജനകീയ സദസ് കലക്ടറേറ്റിലെ മിനി കോൺഫറൻസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതുവരെ പൊതു, സ്വകാര്യ ഗതാഗത സൗകര്യം എത്തിയിട്ടില്ലാത്ത എന്നാൽ റോഡ് സൗകര്യവും ജനസാന്ദ്രതയുമുള്ള പ്രദേശങ്ങളിൽ കൂടുതൽ ബസ് റൂട്ടുകൾ ഏർപ്പെടുത്തണം. ലാഭം മാത്രം നോക്കി ബസ് റൂട്ടുകൾ നിശ്ചയിക്കാൻ കഴിയില്ല. നിലവിലെ ബസ് റൂട്ടുകൾ ജനങ്ങൾക്ക് കൂടുതൽ സൗകര്യമാകും വിധം ക്രമീകരിക്കണം. പ്രാദേശിക സർവീസുകളുടെ എണ്ണം പൊതു ,സ്വകാര്യ മേഖലകൾ വർദ്ധിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സ്വകാര്യ ബസ് ഓപ്പറേറ്റർമാരുടെ പ്രതിനിധികൾ ,വിവിധ പഞ്ചായത്തിൽ നിന്നുള്ള പ്രതിനിധികൾ , പൊതുജനങ്ങൾ ,ഉദ്യോഗസ്ഥർ തുടങ്ങിവയവർ പങ്കെടുത്തു. ലഭിച്ച അപേക്ഷകൾ മോട്ടോർ വാഹന വകുപ്പ് ശുപാർശയായി സർക്കാരിന്റെ ഉത്തരവിനായി നൽകും . ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യൻ , റീജിയണൽ ട്രാൻസ്‌പോർട് ഓഫീസർ പി എം ഷെബീർ, കെ എസ് ആർ ടി സി അസി. ട്രാൻസ്‌പോർട് ഓഫീസർ എസ് മുഹമ്മദ് ബഷീർ എന്നിവർ പങ്കെടുത്തു.