ആലക്കോട്: ആന്റണിയുടെ കൃഷിയിടത്തിൽ എന്താണു മുഖ്യവിള എന്നു ചോദിച്ചാൽ ആന്റണി കുഴങ്ങും. അത്രയേറെ വൈവിദ്ധ്യമാർന്ന വിളകളുണ്ട് ഈ കൃഷിയിടത്തിൽ. നാടനും ഹൈബ്രിഡും ഉൾപ്പെടെ വിവിധയിനം പച്ചക്കറികൾ, മാഞ്ചരിക്കുള്ളനും ആറ്റുനേന്ത്രനുമെല്ലാം ചേരുന്ന വാഴകൃഷി, ചേനയും കാച്ചിലും കപ്പയും പ്രധാനികളായ കിഴങ്ങുകൃഷി, പപ്പായയും റംബൂട്ടാനും പാഷൻ ഫ്രൂട്ടുമുൾപ്പെടുന്ന പഴവർഗങ്ങൾ ഇവയല്ലാം വിപുലമായി വിളയിക്കുന്നുണ്ട്. അതും സമ്പൂർണ ജൈവകൃഷിയിലൂടെ. ഓണസീസണിൽ നല്ല വിളവെടുപ്പാണ് ആന്റണിയുടെ കൃഷിത്തോട്ടത്തിൽ നടക്കുന്നത്. അഞ്ചേക്കറിലേറെ വരും ആന്റണിയുടെ കൃഷിയിടം. പാറപ്പുറം നിറയെ ചാക്കിലും ഗ്രോ ബാഗിലുമായി പലതരം പച്ചക്കറി വിളകളും മഴയും വെള്ളക്കെട്ടുമെല്ലാം മറികടന്ന് മുറ്റത്തോ മഴമറയുള്ള ടെറസിലുമൊക്കെ പച്ചക്കറി വിളയിക്കാമെന്ന് ആന്റണി ഓർമ്മിപ്പിക്കുന്നു. അതിനുള്ള മനസും ശുദ്ധമായ പച്ചക്കറി കഴിക്കണമെന്ന ആഗ്രഹവും വേണമെന്നു മാത്രം. ഗ്രോബാഗിനു പുറമെ മഴക്കാലത്ത് കുമ്പലെടുത്തും വേനൽക്കാലത്തു തടമെടുത്തും വർഷം മുഴുവൻ റിലേ രീതിയിൽ പച്ചക്കറികൾ വിളയിക്കുന്നുണ്ട്. ആന്റണിയുടെ വെണ്ടയുടെ വിളവെടുപ്പു തീരാറാകുമ്പോഴേക്കും അതിലേക്ക് വള്ളിപ്പയർ പടർത്തും. അതിനാൽ പയറിനു താങ്ങുകാൽ അന്വേഷിക്കേണ്ട. തടത്തിലെ വളം പൂർണമായി പ്രയോജനപ്പെടുത്തുകയും ചെയ്യാം. വഴുതന വിളവെടുപ്പ് ഒരു ഘട്ടമെത്തുന്നതോടെ അതേ തടത്തിൽ കൂർക്ക നടും. പയറും വെണ്ടയും വഴുതനയും പച്ചമുളകും കൂടാതെ ചതുരപ്പയറും നിത്യവഴുതനയുമുൾപ്പെടെ പാരമ്പര്യ വിളകളും വിപുലമായി കൃഷി ചെയ്യുന്നുണ്ട്. ഓരോന്നിന്റേയും നാടനും ഹൈബ്രിഡും ഒരേ പ്രാധാന്യത്തോടെ പരിപാലിക്കും. ഉത്പാദന മികവാണ് പൊതുവായി സ്വീകരിക്കുന്ന മാനദണ്ഡം. അതുകൊണ്ടു തന്നെ നാടൻ ഇനമായ ആനക്കൊമ്പൻ വെണ്ടയും വാളരിപ്പയറും മംഗലാപുരം ഊരു വെണ്ടയും ഹൈബ്രിഡ് ഇനം സിറ പച്ചമുളകുമൊക്കെ ഒരു പോലെ സ്വീകാര്യം. വിളവിൽ നല്ല പങ്കും വിത്തുത്പാദനത്തിന് നീക്കി വയ്ക്കുന്നു. അതിലൊരു പങ്ക് സൗജന്യ വിതരണത്തിനാണ്. ബാക്കി തൊടുപുഴയിലെ കർഷക പ്രസ്ഥാനമായ കാഡ്സ് ഉൾപ്പെടെ വിവിധ വിപണികൾ വഴി വിൽക്കുന്നു. കിഴങ്ങുവിളകളാണ് ആന്റണിയുടെ മറ്റൊരു പ്രിയ കൃഷിയിനം. കപ്പയും കാച്ചിലും ചേനയും ചേമ്പും പോലുള്ള കിഴങ്ങു വിളകൾക്കു നിലവിൽ വിപണിയിൽ സാമാന്യം നല്ല വിലയും ഡിമാന്റുമുണ്ടെന്ന് ആന്റണി പറയുന്നു. രോഗ, കീടബാധ നന്നെ കുറവും കാര്യമായ പരിപാലനവും ഈ കൃഷികൾക്ക് വേണ്ട. റെഡ് ലേഡി പപ്പായയാണ് മറ്റാരു പ്രധാന കൃഷിയിനം. എളുപ്പം പഴുത്തു പോകില്ല ഈ ഇനം എപ്പോഴും കിലോ ശരാശരി 20 രൂപ വിലയുമുണ്ട്. വിപുലമായിത്തന്നെ നേന്ത്രവാഴകൃഷിയുമുണ്ട്.
'കൃഷിയിൽനിന്ന് മികച്ച വരുമാനം ലഭിക്കുന്നില്ലെങ്കിലും മനസുഖവും സന്തോഷവും ലഭിക്കുന്നുണ്ട്"
-പി.സി. ആന്റണി