തൊടുപുഴ: ലീഗ്- കോൺഗ്രസ് ഭിന്നത പരിഹരിക്കാൻ യു.ഡി.എഫ് സംസ്ഥാന നേതൃത്വം മൂന്നംഗ സമിതിയെ നിയോഗിച്ചിരിക്കെ മുസ്ലീം ലീഗിനോടുള്ള അതൃപ്തി ആവർത്തിച്ച് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു. തൊടുപുഴയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് കോൺഗ്രസ്- ലീഗ് തർക്കത്തിന് ഇതുവരെ പരിഹാരമായിട്ടില്ലെന്ന് ഡി.സി.സി പ്രസിഡന്റ് സൂചിപ്പിച്ചത്. പ്രശ്നങ്ങളില്ലെന്ന് പറഞ്ഞുതുടങ്ങിയ സി.പി. മാത്യു തങ്ങൾ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും ഉപ്പു തിന്നവൻ വെള്ളംകുടിച്ചാൽ മതിയല്ലോ എന്നും പറഞ്ഞു. കാലുമാറി വോട്ടുചെയ്തിട്ട് വകുപ്പും ചട്ടവും പറഞ്ഞിട്ട് കാര്യമില്ല. യു.ഡി.എഫ് വോട്ടുകൾ വാങ്ങി വിജയിച്ചവരല്ലേ അവർ. മുന്നണി മര്യാദ പാലിച്ച് മുന്നോട്ടുപോയാൽ മുന്നണിയുടെ കൂടെയുണ്ടാകും. ഇല്ലെങ്കിൽ മുന്നണിക്ക് പുറത്തുപോകുമോ എന്ന ചോദ്യത്തൊട് അത് തീരുമാനമെടുക്കേണ്ടത് താനല്ലെന്നായിരുന്നു മറുപടി. യു.ഡി.എഫ് സംസ്ഥാന തലത്തിൽ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം യു.ഡി.എഫിന്റെ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ നടത്തിയ സമരത്തിൽ നിന്ന് ലീഗ് പ്രതിനിധികൾ വിട്ടുനിന്നെന്നും സി.പി. മാത്യു പറഞ്ഞു. വഴക്ക് അങ്ങനെതന്നെ നിൽക്കുകയാണല്ലോ എന്ന് ചൂണ്ടിക്കാണിച്ചപ്പോൾ നിന്നുമടുക്കുമ്പോൾ ഇരിക്കുമെന്നും കുറച്ചുകഴിഞ്ഞാൽ കിടക്കുമെന്നും ആരെങ്കിലും വിളിച്ചെഴുന്നേൽപ്പിച്ചാൽ എണീക്കുമെന്നുമായിരുന്നു മറുപടി.

ഡീൻ കുര്യാക്കോസ് എം.പിയ്ക്ക് യു.ഡി.എഫ് കരിമണ്ണൂരിൽ നൽകിയ സ്വീകരണത്തിൽ ലീഗ് പങ്കെടുത്തില്ല. പ്രശ്നത്തിൽ പരിഹാരമാകുന്നതുവരെ പ്രഖ്യാപിച്ച നിസഹകരണം തുടരുമെന്ന് ലീഗ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.