മൂലമറ്റം: അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ 11ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടക്കും. അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡന്റായിരുന്ന കെ.എസ്. വിനോദ് പുറത്തായതിനെ തുടർന്നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തുന്നത്. പ്രസിഡന്റ് സ്ഥാനം പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന അറക്കുളത്ത് നിലവിൽ എൽ.ഡി.എഫിനാണ് ഭൂരിപക്ഷം. ഭൂരിപക്ഷമുള്ള ഇടതുപക്ഷ പ്രതിനിധി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടണമെങ്കിൽ വരണാധികാരിയുടെ തീരുമാനം നിർണായകമാണ്. ഇടതുപക്ഷം സമർപ്പിക്കാൻ സാദ്ധ്യതയുള്ള എസ്.എസ്.എൽ.സി ബുക്ക് പരിഗണിച്ച് പട്ടികജാതിയെന്ന് വിധിച്ചാൽ മാത്രമാണ് ഇടതുപക്ഷ അംഗം പ്രസിഡന്റാകൂ. അല്ലാത്ത പക്ഷം തഹസിൽദാർ സർട്ടിഫിക്കറ്റ് നൽകണമെന്നാണ് മുൻ പ്രസിഡന്റ് പറയുന്നത്. കഴിഞ്ഞ തവണ തഹസിൽദാർ അനുകൂലമായ സർഫിക്കറ്റ് ആദ്യം നൽകിയെങ്കിലും പിന്നീട് യു.ഡി.എഫിന്റെ പരാതിയെ തുടർന്ന് തീരുമാനം റദ്ദാക്കുന്ന സാഹചര്യമുണ്ടായി. ഇടതുപക്ഷം ഇതിനെതിരെ ഹൈക്കോടതിയിൽ പോയി തഹസിതാരുടെ തീരുമാനം മരവിപ്പിച്ചിരുന്നു. ഇടതുപക്ഷ അംഗമായ പി.എസ്. സിന്ധു പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ തയ്യാറെടുക്കുന്നതിനാൽ ജില്ലാ കളക്ടർ, തിരഞ്ഞെടുപ്പ് കമ്മിഷൻ, തഹസിൽദാർ, വില്ലേജ് ഓഫീസർ, റിട്ടേണിങ്ങ് ഓഫീസർ എന്നിവർക്ക് മുൻ പ്രസിഡന്റ് കെ.എസ്. വിനോദ് പരാതി നൽകിയിട്ടുണ്ട്. അറക്കുളം എ.ഇ.ഒ ആഷ്‌ലിമോൾ കുര്യാച്ചനാണ് വരണാധികാരി.