കേന്ദ്ര യുവജന കാര്യ മന്ത്രിക്ക് അഡ്വ. ഡീൻ കുര്യാക്കോസ് എം. പി കത്ത് നൽകി
തൊടുപുഴ : തൊടുപുഴയിൽ പ്രവർത്തിക്കുന്ന നെഹ്രു യുവകേന്ദ്ര ഓഫീസിൽ ജീവനക്കാരെ നിയമിക്കുന്നതിനും പൂട്ടിക്കിടക്കുന്ന ഓഫീസ് പ്രവർത്തനം പുനരാരംഭിക്കുന്നതിനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര യുവജന കാര്യമന്ത്രി ഡോ.മൻസൂഖ് മാണ്ഡവ്യക്ക് അഡ്വ. ഡീൻ കുര്യാക്കോസ് എം. പി കത്ത് നൽകി. ഓഫീസിന്റെ പ്രവർത്തനം കഴിഞ്ഞ ഏതാനും മാസങ്ങളായി മുടങ്ങിക്കിടക്കുകയാണ്. ഇപ്പോൾ പൂർണമായും അടച്ചു പൂട്ടിയ അവസ്ഥയിലാണ്. ഓഫീസിന്റെ പ്രവർത്തനം നിലച്ചത് മൂലം ജില്ലയിലെ യുവജനങ്ങൾക്കായി നടപ്പാക്കേണ്ട വിവിധ പരിശീലന പരിപാടികൾ, സ്വയം തൊഴിൽ പദ്ധതികൾ, ക്യാമ്പുകൾ തുടങ്ങി കേന്ദ്രയുടെ എല്ലാ വിധ പ്രവർത്തനങ്ങളും മുടങ്ങിയിരിക്കുകയാണ്. യുവജനങ്ങളുടെ വ്യക്തിത്വ നൈപുണ്യ വികസനത്തിനായി ആരംഭിച്ച നെഹ്രു യുവകേന്ദ്രയിൽ പുതിയ ജീവനക്കാരെ നിയമിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇത് പരിഹരിക്കുന്നതിന് മതിയായ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതിനും നിയമിക്കുന്നതിനും അടിയന്തിര നടപടി സ്വീകരിച്ച് ഓഫീസുകളുടെ പ്രർത്തനം ഉടൻ തന്നെ പുനരാരംഭി ക്കണമെന്ന് എം. പി കത്തിൽ ആവശ്യപ്പെട്ടു.