തൊടുപുഴ:മുട്ടം ചെള്ളാവയലിൽ വീണ്ടും പുലിയുടെ സാന്നിദ്ധ്യമുണ്ടായതായി നാട്ടുകാർ. ഇന്നലെ രാവിലെ അഞ്ചോടെ മുട്ടം- ഈരാറ്റുപേട്ട റൂട്ടിൽ പുരയിടത്തിൽ റബർ വെട്ടാനെത്തിയ തൊഴിലാളിയാണ് സമീപത്തെ പറമ്പിൽ പുലിയെ കണ്ടതായി പറഞ്ഞത്. ആറോടെയെത്തിയ വനംവകുപ്പ് ദ്രുതകർമ സേനാംഗങ്ങൾ റബർ തോട്ടവും പരിസരവും പരിശോധിച്ചു. മഴ പെയ്ത പ്രദശമായതിനാൽ പുലിയുടെ പാദം ഇവിടെ പതിയേണ്ടതാണ്. പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ ഒന്നും കണ്ടെത്തിയില്ല. പരിസരത്ത് ഒരു മൃഗവും ആക്രമിക്കപ്പെട്ടതായി വിവരങ്ങളും ലഭിച്ചിട്ടില്ല. സാധാരണ ഗതിയിൽ പുലിയുടെ സാന്നിദ്ധ്യമുള്ള ഇടങ്ങളിൽ മറ്റ് മൃഗങ്ങളും ആക്രമിക്കപ്പെടാറുണ്ടെന്നു അധികൃതർ പറഞ്ഞു. ഉച്ചക്ക് ശേഷം വീണ്ടും തെരച്ചിൽ നടത്തിയപ്പോൾ രണ്ട് കാൽപ്പാടുകൾ കണ്ടെങ്കിലും പിന്നീട് അത് നായയുടേതാണെന്ന് ദ്രുതകർമ സേന സ്ഥിരീകരിച്ചു. ആറുമാസം മുമ്പ് കരിങ്കുന്നം, പാറക്കടവ്, മലങ്കര, മാറിക ഭാഗങ്ങളിൽ പുള്ളിപ്പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു. പലയിടങ്ങളിലും കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് എറണാകുളം ജില്ലയിലെ പണ്ടപ്പിള്ളിയിലും പുലിയുടേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
നായയെന്ന് സംശയം
അതേസമയം ചള്ളാവയലിൽ കണ്ടത് നായയെയാണെന്ന് വനം വകുപ്പ് അധികൃതർ സംശയിക്കുന്നു. ഇക്കാര്യത്തിൽ വരുംദിവസങ്ങളിൽ ആർ. ആർ. ടി വിഭാഗത്തിന്റെ പരിശോധനയിലൂടെ സ്ഥിരീകരണം ലഭിക്കും