നാടും നഗരവും ഉണർന്നു, ഇനി പടിവാതുൽക്കലെത്തിയ ഓണത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങളുടെ നാളുകൾ. ഒരുമയുടെ സന്ദേശവുമായി മലയാളികളെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ഓണത്തിന്റെ എല്ലാ പ്രൗഡിയും ഉൾക്കൊണ്ടുള്ള മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. മാനുഷരെല്ലാരും ഒന്നുപോലെ കഴിഞ്ഞിരുന്ന ആ നല്ല കാലത്തെ ഓർമ്മപ്പെടുത്തി നാടിന്റെ ഉത്സവത്തെ ആഘോഷത്തിമിർപ്പിലാക്കുന്ന കാഴ്ച്ചകളാണ് എങ്ങും കണ്ട് വരുന്നത്.
സ്‌കൂൾ കോളേജ് തലങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിലായി യുവത്വത്തിന്റെ പ്രസരിപ്പിൽ ഓണാഘോഷങ്ങൾ ഗംഭീരമാക്കി.കേരളീയവേഷത്തിലെത്തി കാമ്പസുകകളെ വർണ്ണാഭമാക്കിമാറ്റിയിരുന്നു. ആടയാഭരണങ്ങൾ അണിഞ്ഞ് ഓലക്കുടയുംചൂടി മഹാബലി കൗതുകക്കാഴ്ച്ചയായി കാമ്പസിന്റെ മനംമയക്കി. കൗമാരത്തിന് കളഞ്ഞ്‌പോയ പല നാടൻ കളികളും കാമ്പസുകളിൽ വീണ്ടും അരങ്ങേറി. വടംവലിയുടെ ആരവങ്ങളും , നൃത്തച്ചുവടുകളുടെ താളാത്മകയും, ഓണസദ്യയുടെ മാസ്മരികതയും എല്ലാം കാമ്പസുകളിൽ നിറഞ്ഞ്നിന്നു. അത്തപ്പൂക്കള മത്സരം വർണ്ണ വിസമയമാണ് തീർത്തത്. കിട്ടാവുന്നത്ര പൂക്കൾകൊണ്ട് വലിയ പൂക്കളങ്ങളാണ് കാമ്പസുകളിൽ നിരന്നത്. കഴിഞ്ഞ ദിവസങ്ങളിലായി തുടർന്ന് വരുന്ന വിവിധ സ്ഥാപനങ്ങളിലെ ഓണാഘോഷങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യമാണ് എങ്ങും ലഭിക്കുന്നത്. വൈവിദ്ധ്യമാർന്ന സെറ്റ് സാരികൾ ഉടുത്ത് അണിഞ്ഞൊരുങ്ങിവന്ന വനിതകൾ വിസ്മയക്കാഴ്ച്ചയായിമാറി. ജോലിസ്ഥലത്തെയും കുടുംബത്തിലെയും ടെൻഷനുകൾ എല്ലാം ഓണാഘോഷത്തിൽ അലിഞ്ഞ് ഇല്ലാതായി.മത്സരങ്ങൾ എല്ലാം ഏറെ ആവേശം പകരുന്നതാക്കി മാറ്റാൻ എല്ലാവരും മത്സരബുദ്ധിയോടെ പങ്കെടുത്തു.
ഇനിയുള്ള നാളുകൾ ഓണത്തിനുള്ള വിഭവങ്ങൾ ഒരുക്കുന്നതിനും ഓണപർച്ചെയ്സുകളുടെ തിരക്കിലന്റെ ദിനങ്ങളാണ്. പച്ചക്കറികൾക്കും . പലവ്യഞ്ജനങ്ങൾക്കും ഒരുപരിധിവരെ വിലപിടിച്ച് നിർത്താൻ പൊതുവിതരണ ശ്രംഖലകൾക്കും സഹകരണബാങ്ക് ഓണച്ചന്തകൾക്കും കഴിഞ്ഞിട്ടുണ്ട്. വില എങ്ങും കച്ചവടം പൊടിപൊടിക്കുകയാണ്. തുണിത്തരങ്ങൾ വാങ്ങുന്നവരുടെ തിരക്ക് വിവരണാതീതമാണ്. വിവിധ ഫാഷനുകളിലുള്ള ഓണപ്പുടവകൾ വിൽപ്പന തുണിശാലകളെ ഇനിയുള്ള ദിനങ്ങളും കൂടുതൽ തിരക്കിലമർത്തും.ഗൃഹോപകരണങ്ങൾ വാങ്ങുന്നതിനും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.