ബസ്സും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

തൊടുപുഴ: കോളപ്ര ഏഴാം മൈലിന് താഴെ ശങ്കരപ്പിള്ളിക്ക് സമീപം കൊടും വളവിൽ ബസ്സും കാറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. കാർ പൂർണ്ണമായും തകർന്നു. തൊടുപുഴ -പുളിയന്മല സംസ്ഥാന പാതയിലാണ് അപകടം.കാറിലുണ്ടായിരുന്ന മൂന്നു യാത്രക്കാരും പരക്കേൽക്കാതെ രക്ഷപ്പെട്ടു.ബസ് യാത്രക്കാരായ രണ്ട് സ്ത്രീകൾക്കും കാർ ഡ്രൈവർക്കും പരക്കേറ്റു.ഡ്രൈവർ കോലാനി ചുങ്കം കനയാനിക്കൽ പ്രിൻസ് ജോസഫി(27)ന്റെ രണ്ടു വിരലുകൾ അറ്റുപോയി.തലയ്ക്കും മുറിവുണ്ട്.ഇദ്ദേഹത്തെ തൊടുപുഴയിൽ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച 11മണയോടെ മുട്ടം ഭാഗത്തുനിന്നും കോളപ്രയ്ക്ക് പോയ നാല് ഫോട്ടോഗ്രാഫർമാരാണ് കാറിലുണ്ടായിരുന്നത്. ഇടുക്കിയിൽ നിന്നും തൊടുപുഴയ്ക്ക് പോയ സ്വകാര്യബസ്സുമായാണ് കാർ കൂട്ടിയിടിച്ചത്.ബസ് യാത്രികരുടെ പരിക്ക് സാരമുള്ളതല്ല.ജലജീവൻ മിഷൻ പൈപ്പിടുന്നതിന് കുഴിയെടുത്തതിനെ തുടർന്ന് റോഡിന്റെ ഒരു ഭാഗത്ത് കുഴിയാണ്. കൂടാതെ റോഡിൽ വലിയൊരു ഗട്ടറുമുണ്ട്.ഇതൊഴിവാക്കിയാണ് വാഹനങ്ങൾ പോകുന്നത്. ഈ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമെന്ന് സമീപവാസികൾ പറയുന്നു.മുട്ടംപൊലീസ് സ്ഥലത്തെത്തിയാണ് പ്രിൻസിനെയും പരക്കേറ്റ സ്ത്രീകളെയും ആശുപത്രിയിലെത്തിച്ചത്.

റോഡിലെ കുഴികൾ

സ്ഥിരം വില്ലൻ

ശങ്കരപ്പിള്ളിക്ക് സമീപം ഈ റോഡിൽ അപകടം പതിവാണെന്ന് പൊലീസ് പറഞ്ഞു.. റോഡിലെ കുഴികളാണ് അപകടത്തിനിടയാക്കുന്നത്.റോഡിന്റെ ഒരു ഭാഗത്ത് കുഴി വന്നതോടെ വീതി കുറവായി. ഇതാണ് അപകടത്തിന് കാരണമാകുന്നത്. ഇതു സംബന്ധിച്ച് വ്യാപക പരാതികളുയർന്നെങ്കിലും പൈപ്പിട്ടതിനെ തുടർന്ന് രൂപം കൊണ്ട കുഴികൾ മൂടാൻ നടപടിയൊന്നുമുണ്ടായിട്ടില്ല.