കുമളി: മ്ളാമല ശാന്തിപ്പാലം നിർമ്മാണത്തിനായി പ്രവർത്തിച്ചവരെ ആദരിക്കുന്നു. 16ന് രാവിലെ 10.30 ന് മ്ളാമല ഫാത്തിമ മാതാ പള്ളി പാരിഷ് ഹാളിൽ നടക്കുന്ന ചടങ്ങിൽ നാടിനെ കൈപിടിച്ച് ശാന്തിപ്പാലവും നൂറടിപ്പാലവും നിർമ്മാണത്തിന് പങ്കാളികളായവരെയാണ് ആദരിക്കുന്നത്. പ്രളയത്തിൽ പെരിയാറിൽ കുത്തിയൊലിച്ചെത്തിയെ വെള്ളം പെരിയാറിന് കുറകെ മ്ളാമലയെ മറ്റു പ്രദേശ ങ്ങളുമായി ബന്ധിപ്പിച്ചിരുന്ന ശാന്തിപ്പാലവും നൂറടിപ്പാലവും തകർത്തു. വഴിമുട്ടിയ ജനം അങ്കലാപ്പിലായതോടെ ഫാത്തിമ മാതാ സ്കൂളിലെ കുരുന്നുകൾ ഹൈക്കോടതിക്ക് എഴുതിയ കത്ത് പരിഗണിച്ച് ലീഗൽ സർവീസ് അതോറിറ്റി യുടെ റിപ്പോർട്ട് പ്രകാരം ഹൈക്കോടതി ഉത്തരവിേനേ തുടർന്നാണ് പാലങ്ങൾ നിർമ്മിച്ചത്. ചടങ്ങിൽ സ്കൂൾ ലീഗൽ സർവീസ് ക്ളബിന്റെ ഉദ്ഘാടനം നടത്തും. ശാന്തിപ്പാലത്തിൽ വിശിഷ്‌ടാത്ഥികൾക്ക് എസ്.പി.സി കേഡറ്റുകളുടെ ഗാർഡ് ഓഫ് ഓണർ നൽകും.കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ അദ്ധ്യക്ഷത വഹിക്കും.തൊടുപുഴ പ്രിൻസിപ്പൽ ഡിസ്ട്രിക്ട‌് ആന്റ് സെഷൻസ് ജഡ്‌ജ് പി.എസ് ശശികുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എം.പി,വാഴൂർ സോമൻ എം.എൽ. എ,തലശേരി പ്രിൻസിപ്പൽ ഡിസ്ട്രിക്ട‌് ആന്റ് സെഷൻസ് ജഡ്‌ജ് കെ.റ്റി. നിസാർ അഹമ്മദ്, തൊടുപുഴ അഡീഷണൽ ജില്ലാ ജഡ്‌ജ് ദിനേശ് എം. പിള്ള തുടങ്ങിയവർ പങ്കെടുക്കും.