
ആർ ആർ ടി സംഘങ്ങൾക്ക് സ്ഥിരം താമസസൗകര്യം ഒരുങ്ങി
മൂന്നാർ: മനുഷ്യ വന്യജീവി സംഘർഷലഘൂകരണം സർക്കാർ ലക്ഷ്യമാണെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ദേവികുളത്ത് നിർമ്മാണം പൂർത്തിയാക്കിയ റാപ്പിഡ് റെസ്‌പോൺസ് ടീം ആന്റ് വെറ്റിനറി ഫെസിലിറ്റിയുടെ ഉദ്ഘാടനവും മൂന്നാർ വൈൽഡ്‌ലൈഫ് ഡിവിഷനിൽ നടപ്പിലാക്കിയ വിവിധ ഇക്കോ ടൂറിസം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എന്നിവ ഇരവികുളം ദേശീയോദ്യാനത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വനസൗഹൃദ സദസ് പോലുള്ള പരിപാടികൾ വനംവകുപ്പും ജനങ്ങളും തമ്മിൽ സൗഹാർദ്ദപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ വലിയപങ്ക് വഹിച്ചിട്ടുണ്ട്.ജനസൗഹൃദ സമീപനം സ്വീകരിക്കുന്ന സേനയായി വനംവകുപ്പിനെ മാറ്റിയെടുക്കാൻ കഴിഞ്ഞു. ഇന്ത്യയിൽ ആദ്യമായി ഭിന്നശേഷി സൗഹൃദ ഇക്കോടൂറിസം പദ്ധതി ഇരവികുളത്ത് നടപ്പാക്കാൻ കഴിഞ്ഞതിൽ സന്താഷമുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വന്യജീവി ശല്യം നിയന്ത്രിക്കാൻ 4.46 കോടി രൂപ ചെലവഴിച്ച് നബാഡിന്റെ സഹായത്തോടെ ഫെൻസിംഗുകളും സോളാർ ഫെൻസിംഗുകളുമടക്കമുള്ള പദ്ധതികൾക്കായി ടെൻഡർ നൽകുകയും അതിന്റെ പ്രവർത്തനങ്ങളാരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ പദ്ധതികൾ പൂർത്തിയാകുന്നതോടെ ഒരു പരിധിവരെ വന്യജീവി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെന്നാണ് സർക്കാർ കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഏഷ്യയിലെ ആദ്യത്തെ കാർബൺ നെഗറ്റീവ് ദേശിയോദ്യാനമായും ഇരവികുളം ദേശിയോദ്യാനത്തെ പ്രഖ്യാപിക്കുന്നതിനോടൊപ്പം പാമ്പാടുംഷോല നാഷണൽ പാർക്കിൽ നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ 320 ഹെക്ടർ സ്ഥലത്ത് അധിനിവേശ വൈദേശിക സസ്യങ്ങളെ നിർമാർജ്ജനം ചെയ്ത് പരിസ്ഥിതി പുനഃസ്ഥാപനം നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.മൂന്നാർ വന്യജീവി ഡിവിഷനും തൃശൂർ ഫോറസ്ട്രി കോളേജും സംയോജിതമായി,മൂന്നാർ വന്യജീവി ഡിവിഷനു കീഴിലുള്ള സംരക്ഷിത വനങ്ങളിൽ കാണപ്പെടുന്ന വൈദേശിക സസ്യങ്ങളെയും അവ കാണപ്പെടുന്ന മേഖലയും സംബന്ധിച്ച് പഠനം നടത്തി തയ്യാറാക്കിയ പുസ്തകരൂപത്തിലുള്ള റിപ്പോർട്ടിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു. മൂന്നാർ മേഖലയിലെ മനുഷ്യ വന്യജീവി സംഘർഷങ്ങൾ ലഘുകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് മൂന്നാർ ആർ ആർ റ്റി ക്ക് വേണ്ടി കെട്ടിട നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. പരിപാടിയിൽ അഡ്വ.എ രാജ എം എൽ എ അധ്യക്ഷത വഹിച്ചു.ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, വനംവകുപ്പുദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംബന്ധിച്ചു.