കട്ടപ്പന: തിരുവോണത്തിനായി സാധന സാമാഗ്രഹികൾ മേടിക്കാൻ കട്ടപ്പന ടൗണിലും മാർക്കറ്റിലുമടക്കം ഹൈറേഞ്ചിലെമ്പാടും ജനങ്ങളുടെ വൻ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. ഓണവിഭവങ്ങൾ സംഘടിപ്പിക്കാൻ ആവശ്യമായ പച്ചക്കറികളും മറ്റ് വിഭവങ്ങളും വാങ്ങുന്നതിനായി നിരവധി പേരാണ് ചന്തയിലേക്ക് എത്തിയത്. ഓണത്തിരക്ക് വ്യാപാരികൾക്കും വലിയ ആശ്വാസമാണ് ഉണ്ടാക്കിയത്. പച്ചക്കറികളും തുണിത്തരങ്ങളും അത്തപ്പൂക്കളം ഇടാനുള്ള പൂക്കളും വാങ്ങാനായി രണ്ട് ദിവസമായി കട്ടപ്പനയിൽ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ജനങ്ങളുടെ എണ്ണത്തിന് പുറമേ ടൗണിൽ ഉണ്ടായ വാഹനപ്പെരുപ്പമാണ് ഓണത്തിന്റെ തിരക്ക് ദൃശ്യമാക്കിയത്. ടൗൺ റോഡുകളിൽ എല്ലാം വലിയ തിരക്ക് അനുഭവപ്പെട്ടു. രാത്രി വൈകിയും നഗരത്തിലേക്ക് ആളുകൾ എത്തിക്കൊണ്ടേയിരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.