അടിമാലി: അവധിക്കച്ചവടത്തിന്റെ പേരിൽ ഹൈറേഞ്ച് മേഖലയിലെ കർഷകരിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ ഏലയ്ക്ക സംഭരിച്ച് പണം നൽകാതെ മുങ്ങിയ കേസിലെ പ്രതി പാലക്കാട് മണ്ണാർകാട് കരിമ്പൻപാടം വീട്ടിൽ മുഹമ്മദ് നസീറിനെ (42) കോടതി റിമാൻഡ് ചെയ്തു. ഇയാൾ നാല് മാസമായി ഒളിവിലായിരുന്നു. അടിമാലി എസ്.ഐ ജിബിൻ തോമസിന്റെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴയിൽ നിന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് ഇയാളെ പിടികൂടിയത്. പ്രതിയെ പിടികൂടിയ വിവരമറിഞ്ഞ് പണം നഷ്ടപ്പെട്ട നിരവധി പേർ അടിമാലി സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടിയിരുന്നു. എറണാകുളം കേന്ദ്രീകരിച്ചുള്ള എൻ. ഗ്രീൻ എന്ന കമ്പനിയുടെ പേരിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. 2023 ഒക്ടോബറിൽ കൊന്നത്തടി, രാജകുമാരി, അടിമാലി മേഖലയിലെ കർഷകരിൽ നിന്ന് ഏലം സംഭരിച്ച് തുടങ്ങി. ഒരു മാസത്തെ അവധിക്ക് ഏലയ്ക്ക നൽകിയാൽ നിലവിലെ മാർക്കറ്റ് വിലയിൽ നിന്ന് കിലോയ്ക്ക് 500 മുതൽ 1000 രൂപ വരെ ഒരു മാസം കഴിയുമ്പോൾ കൂടുതൽ നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു. ആദ്യ രണ്ടുമാസം കൂടുതൽ തുകയും നൽകി. ഇതോടെ കർഷകർ കൂട്ടമായി സെന്ററിൽ തങ്ങളുടെ ഏലയ്ക്ക എത്തിച്ചു തുടങ്ങി. ഏലയ്ക്ക നൽകുമ്പോൾ രസീത് മാത്രമാണ് കൊടുത്തിരുന്നത്. ഈ രസീതുമായി എത്തിയാൽ പണം നൽകാമെന്നായിരുന്നു വാഗ്ദാനം. ജൂലായിലാണ് അവസാനമായി ഏലയ്ക്ക എടുത്തത്. തുടർന്ന് ഇയാൾ മുങ്ങി. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. 1400 ബില്ലുകളിലായി കോടികളാണ് ഇയാൾ ഹൈറേഞ്ചിലെ കർഷകർക്ക് നൽകാനുള്ളത്. അടിമാലി, വെള്ളത്തൂവൽ സ്റ്റേഷനുകളിലാണ് പരാതി ലഭിച്ചിട്ടുള്ളത്.