തൊടുപുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവോണസദ്യ ഇന്ന് ഉച്ചയ്ക്ക് 11 മുതൽ ആരംഭിക്കും. പാൽപായസത്തോടു കൂടിയാണ് വിഭവസമൃദ്ധമായ സദ്യയാണ് ഒരുക്കുന്നത്. ക്ഷേത്രം ജീവനക്കാരുടെ കൂട്ടായ്മയാണ് സദ്യ തയ്യാറാക്കുന്നത്. പുതിയതായി വാങ്ങിയ പാത്രങ്ങളിലാണ് ഭഗവാന് നിവേദ്യം തയ്യാറാക്കുന്നത്. സദ്യയ്ക്കുള്ള ഉണക്കലരി രക്ഷാധികാരി കെ.കെ. പുഷ്പാംഗദൻ ഭഗവാന് സമർപ്പിച്ചു. എല്ലാവർക്കും സുഗമമായ ദർശനത്തിനുള്ള ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്ന് പൂക്കളും ക്ഷേത്രത്തിലേക്കെത്തി. തിരുവോണത്തോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾ അതിരാവിലെ തന്നെ ആരംഭിക്കും. ഉച്ചപൂജക്കായി രാവിലെ ഒമ്പതിന് നട അടയ്ക്കും. തുടർന്ന് ശ്രീഭൂതബലി എഴുന്നള്ളിപ്പിനുശേഷം 11ന് തിരുവോണസദ്യ ആരംഭിക്കും. മാവേലി തമ്പുരാനെ വരവേൽക്കാൻ ക്ഷേത്രമുറ്റവും അണിഞ്ഞൊരുങ്ങി കഴിഞ്ഞു. പരിപാടികൾക്ക് ക്ഷേത്രം ട്രസ്റ്റി എൻ.ആർ. പ്രദീപ് നമ്പൂതിരിപ്പാട്, ഉപദേശക സമിതി അംഗങ്ങൾ, ജീവനക്കാരുടെ കൂട്ടായ്മ എന്നിവർ നേതൃത്വം നൽകും. നിരവധി ഭക്തജനങ്ങൾ പങ്കെടുക്കും.