 
കട്ടപ്പന: ചെറുതോണി- കട്ടപ്പന പാതയിലൂടെ യാത്രചെയ്യുന്നവർക്ക് കാഴ്ചാ വിരുന്ന് ഒരുക്കുകയാണ് കൽബോൾസം ചെടികൾ. ഓണനാളിലെ പൂക്കളുടെ വസന്തം വിളിച്ചോതും പോലാണ് പാതയോരങ്ങളിലെ വെള്ളച്ചാട്ടങ്ങൾക്ക് സമീപം വിരിഞ്ഞുനിൽക്കുന്ന ഈ ചെറു പൂചെടികളുടെ കാഴ്ച. കോടമഞ്ഞു പുതച്ച താഴ്വാരങ്ങളെ കീറിമുറിച്ചുള്ള പാതകളുടെ വശങ്ങളിലെല്ലാം ചെറിയ വെള്ളച്ചാട്ടങ്ങൾ ദൃശ്യമാണ്. ഈ വെള്ളച്ചാട്ടങ്ങൾക്ക് സമീപമെല്ലാം കൽബോൾസം ചെടികൾ കൈയടക്കുകയാണ്. പശ്ചിമഘട്ടത്തിലെ നനവാർന്ന പാറക്കെട്ടുകളിൽ വളരുന്ന ചെറു സസ്യമാണിത്. ഇതിൻ്റെ വേരുകൾ പാറകളിൽ പറ്റിപ്പിടിച്ചു വളരുന്നു. രണ്ടോ മൂന്നോ ഇലകൾ മാത്രമാണ് സസ്യത്തിന് ഉണ്ടാവുക. അവ ദീർഘവൃത്തം, വൃത്തം, ഹൃദയകാരം എന്നിങ്ങനെ പല രൂപത്തിൽ കാണപ്പെടുന്നു. എന്നാൽ ചെടികളിൽ വിരിയുന്ന ചെറുപുഷ്പമാണ് മനം കവരുന്നത്. ഒരേ സമയം ഒന്നിലധികം പൂക്കൾ വിരിയും. പൂക്കൾ ഒന്നിലധികം ദിവസം നിലനിൽക്കും. പുലർച്ചെ മുതൽ കടുംപിങ്ക് വരെ പല കളറുകളിൽ പൂക്കൾ കാണാം. പൂവിന്റെ ആകൃതിയിലും ആകർഷണീയത കൂടുതലാണ്. പൂവിന് നാല് ദളങ്ങൾ കാണപ്പെടുന്നുണ്ട്. അവ രണ്ടെണ്ണം വശങ്ങളിലേക്കും രണ്ടെണ്ണം താഴേക്കുമാണ്. ബാൽസം ചെടികൾക്ക് പൊതുവെയുള്ള പൂവിൻ്റെ വാല് ഇതിനും കാണാം. മൺസൂണിന്റെ അവസാനത്തോടെ ഈ ചെടികൾ നശിക്കുകയും ഈ വസന്തം അവസാനിക്കുകയും ചെയ്യും. പിന്നീട് അടുത്ത മൺസൂൺ കാലത്തിലെ ചെടികൾ പൂക്കുകയുള്ളൂവെന്നാണ് പറയപ്പെടുന്നത്. എന്തൊക്കെയായാലും ഓണോത്സവ നാളുകളിൽ ഹൈറേഞ്ചിലേക്ക് എത്തുന്നവരെ വഴിയരികിലെ ഈ കാഴ്ച ഏറെ ആകർഷിക്കുന്നു.