തൊടുപുഴ: ഓണം തകർത്ത് ആഘോഷിക്കാൻ ജനം കൂട്ടത്തോടെയിറങ്ങിയതോടെ തൊടുപുഴ, കട്ടപ്പന, നെടുങ്കണ്ടം, അടിമാലി, ചെറുതോണി, കുമളി, മൂന്നാർ തുടങ്ങിയ പ്രധാന ടൗണുകളിലെല്ലാം ഇന്നലെ രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്. നഗരത്തിൽ ഒരിടത്ത് നിന്ന് മറ്റിടത്തേക്ക് പോകാൻ മണിക്കൂറുകളെടുക്കുന്ന അവസ്ഥയായിരുന്നു. പലയിടത്തും വാഹനങ്ങൾ നിയന്ത്രിക്കാൻ പൊലീസ് നന്നെ പാടുപെട്ടു. വൈകുന്നേരത്തോടെ നഗരം ഗതാഗത കുരുക്കിൽ വീർപ്പുമുട്ടി. ടൗണിൽ വാഹനവുമായെത്തുന്നവർക്ക് പാർക്കിംഗ് സൗകര്യമില്ലാത്തതും ബുദ്ധിമുട്ട് സൃഷ്ടിച്ചു. നഗരത്തിലേക്കുള്ള പ്രധാന റോഡുകളെല്ലാം വാഹനങ്ങൾ കൊണ്ട് നിറഞ്ഞതോടെ തൊടുപുഴ ടൗണിൽ മണിക്കൂറുകളോളമാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. ഇരുചക്ര വാഹനങ്ങൾ പോലും ഒരടി മുന്നോട്ടു പോകാൻ വിഷമിച്ചു. ഇടയ്ക്കെത്തിയ മഴ കുരുക്ക് ഇരട്ടിയാക്കി. ഇന്നലെ രാവിലെ മുതൽ നഗരത്തിൽ നല്ല തിരക്കുണ്ടായിരുന്നു. മഴ മുന്നിൽകണ്ട് ഇരുചക്രവാഹനമുപയോഗിക്കുന്നവർ പലരും കാറുകളിലെത്തിയതും കാൽനടക്കാർ ഓട്ടോറിക്ഷ ഉപയോഗിച്ചതും വാഹനത്തിരക്ക് കൂട്ടി. ഉച്ചകഴിഞ്ഞ് തിരക്ക് ഇരട്ടിയായി. വൈകിട്ടോടെ നഗരം സ്തംഭനാവസ്ഥയിലായി. ഇടുക്കി റോഡിലാണ് ഏറ്റവും അധികം കുരുക്ക് അനുഭവപ്പെട്ടത്. ഗാന്ധി സ്‌ക്വയർ മുതൽ സെന്റ് മേരീസ് ആശുപത്രി വരെയും മൂപ്പിൽകടവ് പാലം മുതൽ കെ.എസ്.ആർ.ടി.സി ജംഗ്ഷൻ വരെയും വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങിയത്. വർഷങ്ങളായി മിഴിയടഞ്ഞ ഇവിടത്തെ ട്രാഫിക് സിഗ്നൽ ലൈറ്റുകൾക്ക് പകരം പൊലീസുകാർ ഗതാഗത നിയന്ത്രണത്തിനുണ്ടായിരുന്നെങ്കിലും വലിയ പ്രയോജനമുണ്ടായില്ല. മൂവാറ്റുപുഴ റോഡ്, പാലാ റോഡ്, മാർക്കറ്റ് റോഡ്, മത്സ്യമാർക്കറ്റ് റോഡ് എന്നിവിടങ്ങളിലെല്ലാം കുരുക്ക് രൂക്ഷമായിരുന്നു. വെങ്ങല്ലൂർ മുതൽ ഷാപ്പുംപടി വരെയും കിഴക്കേയറ്റം മുതൽ പുളിമൂട്ടിൽ ജംഗ്ഷൻ വരെയും പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസര പ്രദേശങ്ങളും, കെ.എസ്.ആർ.ടി.സി ജംഗ്ഷൻ, ഗാന്ധി സ്‌ക്വയർ എന്നിവിടങ്ങളിലും തിരക്ക് നിയന്ത്രണാധീതമായിരുന്നു. ഈ സമയം ബസുകളും ഇതുവഴിയെത്തിയതോടെ പൂർണമായി സ്തംഭനാവസ്ഥിയിലായി. യാത്രക്കാരെ കയറ്റിയിറക്കി ബസുകൾ ഇഴഞ്ഞ് നീങ്ങുന്നതും റോഡരികിലെ പാർക്കിംഗും കുരുക്ക് ഇരട്ടിയാക്കി.

ബൈപ്പാസുകൾ ഉപയോഗിക്കുന്നില്ല

ബൈപാസുകൾ തിരഞ്ഞെടുക്കാതെ കൂടുതൽ വാഹനങ്ങൾ നഗരകവാടത്തിലേക്ക് കടന്നെത്തുന്നതാണ് രൂക്ഷമായ ഗതാഗത കുരുക്കിന് മറ്റൊരു കാരണം. വെങ്ങല്ലൂർ ഷാപ്പുംപടിയിൽ മങ്ങാട്ടുകവലയിൽ നിന്ന് ബൈപാസ് വഴിയെത്തുന്ന വാഹനങ്ങൾ നിയന്ത്രിക്കാൻ ട്രാഫിക് പൊലീസുണ്ടാിരുന്നെങ്കിലും ഫലപ്രദമായില്ല.

ടൂറിസം കേന്ദ്രങ്ങളിലും തിരക്ക്

ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ മൂന്നാർ, തേക്കടി, രാമക്കൽമേട്, വാഗമൺ, മറയൂർ, വട്ടവട, ഇടുക്കി ഡാം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇന്നലെ ആയിരക്കണക്കിന് പേരാണ് എത്തിയത്. വെള്ളിയാഴ്ച സ്കൂൾ ഓണാവധിയ്ക്കടച്ചതിനെ തുടർന്ന് ആരംഭിച്ച തിരക്ക് ഇന്നലെ ഇരട്ടിയായി. മലയാളികളാണ് സഞ്ചാരികളിലേറെയും. എന്നാൽ വിദേശികളും അന്യസംസ്ഥാനക്കാരും കുറവായിരുന്നില്ല. ജില്ലാ ടൂറിസം പ്രമോഷന്റെ കൗൺസിലിന് കീഴിലുള്ള സ്ഥലങ്ങളിലും ജനത്തിരക്ക് കുറവില്ലായിരുന്നു. തിരക്കേറിയതോടെ മൂന്നാറടക്കമുള്ള പലയിടങ്ങളിലും ഗതാഗത കുരുക്കും അനുഭവപ്പെട്ടു. ഏറെ നാളുകൾക്ക് ശേഷം വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഉണർവ് അനുബന്ധ മേഖലകളും പ്രതീക്ഷയോടെയാണ് കാണുന്നത്.