 മുഴുവൻ കൈയേറ്റവും പിടിച്ചെടുക്കണമെന്ന് ആവശ്യം


കുഞ്ചിത്തണ്ണി: ചൊക്രമുടി പ്രദേശത്തെ മുഴുവൻ കൈയേറ്റഭൂമിയും തിരിച്ചു പിടിക്കണമെന്നും കൈയേറ്റക്കാർക്കും അതിന് കൂട്ടുനിന്നവർക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു. കൈയേറ്റഭൂമി പിടിച്ചെടുത്ത് ഭൂരഹിത തോട്ടംതൊഴിലാളികൾക്കും മറ്റു ഭൂരഹിതർക്കും വിതരണം ചെയ്യണമെന്നും സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ. അഷറഫിന്റെ നേതൃത്വത്തിൽ നടത്തിയ സന്ദർശനത്തിന് ശേഷം നേതാക്കൾ പറഞ്ഞു. ഭൂമി കൈയേറ്റത്തിനെതിരെ ശക്തമായ നടപടി വേണമെന്നാണ് എക്കാലവും പാർട്ടിയുടെ നിലപാടെന്ന് കെ.കെ. അഷ്റഫ് പറഞ്ഞു. കൈയേറ്റം സംബന്ധിച്ച വാർത്ത പുറത്തു വന്നയുടൻ തന്നെ അന്വേഷണത്തിന് റവന്യൂ മന്ത്രി കെ. രാജൻ ഉത്തരവിട്ടിരുന്നു. അതിന്റെ റിപ്പോർട്ട് വരുന്ന മുറയ്ക്ക് ശക്തമായ നടപടി സർക്കാർ സ്വീകരിക്കുമെന്ന് ഉറപ്പാണെന്നും അഷറഫ് പറഞ്ഞു. കെ.കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ കെ. സലിം കുമാർ, കെ.കെ. ശിവരാമൻ, ജയ മധു, ​പി. പളനിവേൽ, പ്രിൻസ് മാത്യു,​ സി.യു. ജോയി, കെ.എം. ഷാജി
അഡ്വ. ടി. ചന്ദ്രപാൽ എന്നിവരുമുണ്ടായിരുന്നു.

രാമകൃഷ്ണന്റെ ഭൂമിയിടപാടുകൾ സി.പി.എമ്മിലുള്ളപ്പോൾ: സലിംകുമാർ

സി.പി.എമ്മിൽ ഉണ്ടായിരുന്ന സമയത്താണ് എം.ആർ. രാമകൃഷ്ണന്റെ ഭൂമി ഇടപാടുകൾ നടന്നിട്ടുള്ളതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ പറഞ്ഞു. അനുഭാവി എന്ന നിലയിൽ രാമകൃഷ്ണൻ സി.പി.ഐയിലേക്ക് വരുന്നത് 2021ന് ശേഷമാണ്. ഇപ്പോൾ രാമകൃഷ്ണന് പാർട്ടിയുമായി ഒരു ബന്ധവുമില്ല. രാമകൃഷ്ണൻ കൈമാറിയതോ കൈവശം വച്ചിട്ടുള്ളതോ ആയ ഭൂമിയിൽ കൈയേറ്റമുണ്ടെങ്കിൽ അടിയന്തരമായി സർക്കാർ ഏറ്റെടുക്കണം. അയാൾക്കെതിരെ കേസെടുക്കുകയും വേണം. ചൊക്രമുടി പ്രദേശത്ത് പല കോൺഗ്രസ് നേതാക്കൾക്കും ഭൂമിയുള്ളതായി അറിവായിട്ടുണ്ട്. അതും ഉടനെ തിരിച്ചു പിടിക്കണം. സി.പി.ഐ ജില്ലാ സെക്രട്ടറിക്കോ റവന്യു മന്ത്രിക്കോ ഈ വിഷയത്തിൽ ഒരു ബന്ധവുമില്ലെന്ന് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി സലിംകുമാർ പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറിയെ അറിയില്ലെന്നും റവന്യൂ മന്ത്രിയെ കണ്ടിട്ടില്ലെന്നും ആരോപണവിധേയനായ സിബി ജോസഫ് പറഞ്ഞിട്ടുണ്ട്. ഏതെങ്കിലും കൈയേറ്റക്കാരനു വേണ്ടി സ്‌പെഷ്യൽ ഓർഡർ ഇറക്കുന്നയാളല്ല മന്ത്രി കെ. രാജൻ. ജില്ലയിൽ കൈയേറ്റം നടത്താത്ത ഏക പാർട്ടിയാണ് സി.പി.ഐ. ഏതെങ്കിലും പാർട്ടി പ്രവർത്തകന് കൈയേറ്റ ഭൂമിയുണ്ടെന്ന് തെളിഞ്ഞാൽ അത് ഉടൻ തിരിച്ചു പിടിക്കും. അയാൾ പിന്നെ ഈ പാർട്ടിയിൽ ഉണ്ടാവില്ല. കൈയേറ്റത്തെ സഹായിച്ചവർ ഉണ്ടെങ്കിൽ അവരുടെ സ്ഥാനവും പാർട്ടിക്ക് പുറത്തായിരിക്കുമെന്ന് സലിംകുമാർ പറഞ്ഞു.