ഇടുക്കി: കോടമഞ്ഞ് നിറഞ്ഞ മലനിരകളും തുള്ളിച്ചാടുന്ന വെള്ളച്ചാട്ടങ്ങളും പച്ചവിരിച്ച തേയിലതോട്ടങ്ങളുമൊക്കെ മിടുക്കിയായി നിൽക്കുന്ന ഇടുക്കിയെ ആവോളം ആസ്വദിക്കാൻ ഓണക്കാലത്ത് ഒഴുകുന്നത് പതിനായിരങ്ങൾ. വെള്ളിയാഴ്ച സ്കൂളുകൾ അടച്ചതോടെ ഓണാവധി ആഘോഷിക്കാൻ നിരവധി പേരാണ് ഇടുക്കിയുടെ മടിത്തട്ടിലേക്ക് എത്തുന്നത്. തിരുവോണദിനത്തലേന്ന് മുതലാണ് തിരക്ക് വർദ്ധിച്ച് തുടങ്ങിയത്. ഡി.ടി.പി.സിയ്ക്ക് കീഴിലുള്ള ടൂറിസം കേന്ദ്രങ്ങളിൽ മാത്രം തിരുവോണദിനം മാത്രം എത്തിയത് മുപ്പത്തിമൂവായിരത്തിലധികം പേരാണ്. മൂന്നാറിൽ കഴിഞ്ഞ ദിവസങ്ങളിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. മാട്ടുപ്പെട്ടിയിലും രാജമലയിലും ഈ തിരക്ക് ദൃശ്യമായിരുന്നു. മാട്ടുപ്പെട്ടിയിലെത്തിയ പല സഞ്ചാരികൾക്കും തിരക്ക് മൂലം ബോട്ടിംഗിന് അവസരം ലഭിച്ചില്ല. രാജമലയിലും പരമാവധി സഞ്ചാരികളെത്തി. 2880 പേർക്കാണ് രാജമലയിൽ ഒരു ദിവസം പ്രവേശനം നൽകുന്നത്. മാട്ടുപ്പെട്ടിയിൽ 3500 പേർക്ക് വരെ ബോട്ടിങ് ആസ്വദിക്കാനാവും. തേക്കടിയിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മഴ ഒഴിഞ്ഞു നിൽക്കുന്നതിനാൽ വരും ദിവസങ്ങളിലും തിരക്ക് തുടരുമെന്നാണ് പ്രതീക്ഷ.

തിങ്കൾ മുതൽ ഞായർ വരെയെത്തിയവർ

മാട്ടുപ്പെട്ടി: 1095

രാമക്കൽമേട്: 2461

അരുവിക്കുഴി: 735

ശ്രീനാരായണപുരം: 1882

വാഗമൺ മൊട്ടക്കുന്ന്: 11,373

വാഗമൺ അഡ്വെഞ്ച്വർ പാർക്ക്: 6812

പാഞ്ചാലിമേട്: 3210

ഹിൽ വ്യൂ പോയിന്റ്: 2411

ബൊട്ടാണിക്കൽ ഗാർഡൻ: 3477


'കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ സഞ്ചാരികളുടെ എണ്ണത്തിൽ കുറവ് നേരിട്ടുണ്ട്. അവധി ദിനങ്ങൾ ഇനിയുമുള്ളതിനാൽ സഞ്ചാരികളുടെ എണ്ണം വർദ്ധിക്കാനും സാദ്ധ്യതയുണ്ട്. സഞ്ചാരികൾക്കായി ഓണക്കളികൾ വരെ ഡി.ടി.പി.സി ഒരുക്കിയിട്ടുണ്ട്. പ്ലാസ്റ്റിക്ക് വസ്തുക്കൾ പരാമധി ഒഴിവാക്കാനുള്ള നിർദ്ദേശവുമുണ്ട്. പാഞ്ചാലിമേട്, ശ്രീനാരായണപുരം എന്നിവിടങ്ങളിൽ കരശന നിരോധനം ഏ‌ർപ്പെടുത്തിയിട്ടുണ്ട്."

-‌(ജിതീഷ് ജോസ്,​ ഡി.ടി.പി.സി സെക്രട്ടറി, ഇടുക്കി)