
കട്ടപ്പന :ഇരട്ടയാർ സെന്റ് തോമസ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി മഹാസംഗമം 18ന് നടക്കും.1962 മുതൽ 2024 വരെ സ്കൂളിൽ പഠിച്ച വിദ്യാർഥികളുടെ സംഗമം 'ഇന്നലകളെ ഇതുവഴിയെ' എന്ന പേരിലാണ് സംഘടിപ്പിക്കുന്നത്.
കുടിയേറ്റക്കാലത്തിന്റെ ആദ്യ നാളുകളിൽ ഹൈറേഞ്ചിലെ പ്രധാന ചെറു ടൗൺ ആയി ഉയർന്നുവന്ന ഗ്രാമമാണ് ഇരട്ടയാർ. 1962 മുതൽ കുടിയേറ്റ ജനതയ്ക്ക് വിദ്യാഭ്യാസം പകർന്നു നൽകുന്ന വിദ്യാലയമാണ് ഇരട്ടയാർ സെന്റ് തോമസ് സ്കൂൾ. കഴിഞ്ഞ 62 വർഷങ്ങളിലെ ഓരോ വിദ്യാർത്ഥിയെയും, അദ്ധ്യാപകരെയും മാനേജർമാരെയും പങ്കെടുപ്പിച്ചുകൊണ്ടാണ് സെന്റ് തോമസ് വിദ്യാലയം പൂർവ്വ വിദ്യാർത്ഥി മഹാസംഗമം സംഘടിപ്പിക്കുന്നത്.
ഉച്ചയ്ക്ക് 12.30ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ അദ്ധ്യക്ഷത വഹിക്കുന്ന പരിപാടി ഡീൻ കുര്യാക്കോസ് എം. പി ഉദ്ഘാടനം ചെയ്യും, എംഎം മണി എം.എൽഎ മുഖ്യപ്രഭാഷണം നടത്തും. ഭദ്രാവതി രൂപതാ മെത്രാൻ മാർ ജോസഫ് അരുമച്ചാടത്ത് അനുഗ്രഹ പ്രഭാഷണം നടത്തും തുടർന്ന് വൈകിട്ട് ആറിന് വർക്കിംഗ് ചെയർമാൻ ജിൻസൺ വർക്കി അദ്ധ്യക്ഷത വഹിക്കുന്ന പരിപാടി മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും . കട്ടപ്പന എ എസ് പി രാജേഷ് കുമാർ മുഖ്യാതിഥി ആയിരിക്കും. സമാപന സമ്മേളനത്തിൽ കവി മുരുകൻ കാട്ടാക്കടയുടെ കാവ്യ സന്ധ്യയും , ചലച്ചിത്ര പിന്നണിഗായകൻ ജാസി ഗിഫ്റ്റ് , ചലച്ചിത്ര കോമഡി താരങ്ങൾ, തിരുവനന്തപുരം ട്രാക്ക് ഓർക്കസ്ട്ര തുടങ്ങിയവർ അണിനിരക്കുന്ന മ്യൂസിക്കൽ ആൻഡ് കോമഡി മെഗാ നൈറ്റും സംഘടിപ്പിക്കും. പരിപാടിക്ക് മോൺ ജോസ് കരിവേലിക്കൽ , റോണി എബ്രഹാം , പി പി വിനോദ്,, ബിബിൻ കെ രാജു , സിനു മുകുന്ദൻ, രാജീവ് വാസു , ഫാദർ ലുക്ക് തച്ചാം പറമ്പത്ത്, തോമസുകുട്ടി പി മാത്യു , കെ ജി മനോജ് കുമാർ , വി കെ രമണി , എന്നിവർ നേതൃത്വം നൽകും.