
കുമളി: മ്ളാമല ശാന്തിപ്പാലം നിർമ്മാണത്തിന് നാടിന് നന്മമരങ്ങളായവർക്ക് ആദരം നൽകി. തിങ്കളാഴ്ച രാവിലെ മ്ളാമല ഫാത്തിമ മാതാ പള്ളി പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ നാടിന്റെ കൈപിടിച്ച് ശാന്തിപ്പാലവും നൂറടിപ്പാലവും നിർമ്മാണത്തിന് പങ്കാളികളായവരെ ആദരിച്ചു.
അപ്രതീക്ഷിത പ്രളയത്തിൽ പെരിയാറിൽ കുത്തിയൊലിച്ചെത്തിയെ മലവെള്ളം പെരിയാർ തീരത്തുള്ള മ്ളാമലയെ മറ്റ് പ്രദേശങ്ങളുമായി ബന്ധിപ്പിച്ചിരുന്ന ശാന്തിപ്പാലവും നൂറടിപ്പാലവും തകർക്കുകയായിരുന്നു. പാലങ്ങൾ തകർന്നതോടെ ജനങ്ങൾക്ക് പുറംലോകത്തെത്താൻ മാർഗ്ഗമില്ലാതായി. സ്കൂൾ കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന അവസ്ഥ സംജാതമായി. അധികൃതരും പൊതുപ്രവർത്തകരും കൈമലർത്തിയതോടെ മ്ലാമല ഫാത്തിമ മാതാ സ്കൂളിലെ കുരുന്നുകൾ ഹൈക്കോടതിക്ക് എഴുതിയ കത്ത് പരിഗണിച്ച് ലീഗൽ സർവീസസ് അതോറിട്ടിയുടെ റിപ്പോർട്ട് പ്രകാരം ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് പാലങ്ങൾ നിർമ്മിച്ചത്. മ്ലാമലയിൽ നടന്ന സ്വീകരണചടങ്ങിൽ സ്കൂൾ ലീഗൽ സർവീസസ് ക്ളബ് ഉദ്ഘാടനവും നടത്തി. ശാന്തിപ്പാലത്തിൽ ജഡ്ജിമാർക്കും പൊതുപ്രവർത്തകർക്കും എസ്.പി.സി കേഡറ്റുകളുടെ ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു. കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തൊടുപുഴ പ്രിൻസിപ്പൽ ഡിസ്ട്രിക്ട‌് ആന്റ് സെഷൻസ് ജഡ്‌ജ് പി.എസ്. ശശികുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. ഡീൻ കുര്യാക്കോസ് എം.പി, വാഴൂർ സോമൻ എം.എൽ.എ, തലശ്ശേരി പ്രിൻസിപ്പൽ ഡിസ്ട്രിക്ട‌് ആന്റ് സെഷൻസ് ജഡ്‌ജ് കെ.ടി. നിസാർ അഹമ്മദ്, തൊടുപുഴ അഡീഷണൽ ജില്ലാ ജഡ്‌ജ് ദിനേശ് എം. പിള്ള എന്നിവർ പങ്കെടുത്തു.