ചെറുതോണി: കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ടിൽ ഇനിയും വേണ്ടത്ര സുരക്ഷയൊരുക്കാതെ അധികൃതർ. ഇടുക്കി എ.ആർ ക്യാമ്പിൽ നിന്നുള്ള പൊലീസുകാരെയാണ് ഡാമിന്റെ സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ചിട്ടുള്ളത്. ദിവസവും നൂറുകണക്കിനു സന്ദർശകരെത്തുന്ന ഇവിടെ ഒരു സമയം ഡ്യൂട്ടിയിലുള്ളത് നാല് പൊലീസുകാർ മാത്രമാണ്. ചെറുതോണി ഡാമിന്റെ അടിവാരത്തിലൂടെയുള്ള റോഡിലൂടെ ആർക്കും വാഹനത്തിൽ കടന്നുചെല്ലാം. 10 കിലോമീറ്റർ ചുറ്റളവിൽ കിടക്കുന്ന അണക്കെട്ടുകളുടെ സംരക്ഷണ മേഖലയിലേക്ക് മൂന്ന് പ്രധാന റോഡാണുള്ളത്. സംരക്ഷണ വേലി ഇല്ലാത്തതിനാൽ ഇടുക്കി മുതൽ നഗരംപാറ വരെ പത്തിലധികം കൈവഴികളിലൂടെ അധികൃതരുടെ കണ്ണുവെട്ടിച്ച് കടന്നു ചെല്ലാൻ കഴിയും. ഇവിടെയൊന്നും ഒരു സുരക്ഷാ നിയന്ത്രണങ്ങളുമില്ല. അടിസ്ഥാന സുരക്ഷാ സംവിധാനമേർപ്പെടുത്താൻ പോലും വൈദ്യുതി ബോർഡിനു കഴിഞ്ഞിട്ടില്ല.

ആ റിപ്പോർട്ട്

ഇനിയും നടപ്പിലായില്ല

കെ.എസ്.ഇ.ബിയ്ക്ക് 13 ഡാമുകളും എട്ട് വൈദ്യുതോത്പദന കേന്ദ്രങ്ങളുമാണ് ജില്ലയിലുള്ളത്. ഇവയുടെ സുരക്ഷയ്ക്ക് സ്ഥിരമായി രണ്ട് ഡിവൈ.എസ്.പിമാർ, ആറ് സി.ഐ, 10 എസ്.ഐ ഉൾപ്പെടെ 300 പൊലീസുകാരെ നിയമിക്കണമെന്ന പൊലീസിന്റെ റിപ്പോർട്ട് ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇത് വൻ സാമ്പത്തിക ബാദ്ധ്യത വരുത്തുമെന്നാണ് വൈദ്യുതി വകുപ്പിന്റെ നിലപാട്.

സുരക്ഷാ വീഴ്ചയിൽ

അന്വേഷണം നിലച്ചു
അണക്കെട്ട് കാണാനെത്തിയ ഒരാൾ ചെറുതോണി അണക്കെട്ടിലെ വിവിധ സ്ഥലങ്ങളിൽ താഴിട്ടു പൂട്ടിയ സംഭവത്തിൽ പൊലീസും വൈദ്യുതി വകുപ്പും പ്രത്യേകം കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പാതിവഴിയിൽ നിലച്ചു. കഴിഞ്ഞ വർഷം ജൂലായ് 22 നാണ് സംഭവം നടന്നത്. തൊട്ടടുത്ത മാസം നാലിനാണ് ഡാം സുരക്ഷാ വിഭാഗം താഴുകൾ കണ്ടെത്തിയത്. പ്രതി വിദേശത്തേക്ക് കടന്നതായി കണ്ടെത്തി ഇയാളെ കേരളത്തിൽ കൊണ്ടുവന്നു ചോദ്യം ചെയ്യാൻ നടപടി ആരംഭിച്ചെങ്കിലും അന്വേഷണം മന്ദീഭവിച്ചു. പ്രതിയെ പിടികൂടാൻ ലുക്കൗട്ട് നോട്ടീസിറക്കി പൊലീസിനുള്ളിലെ പടലപ്പിണക്കങ്ങളും കെ.എസ്.ഇ.ബിയും പൊലീസും തമ്മിലുള്ള ഭിന്നതയും അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നു ആരോപണമുയർന്നിരുന്നു. കേസ് അന്വേഷണം എൻ.ഐ.എയെ ഏൽപിക്കാൻ ആലോചിച്ചെങ്കിലും വേണ്ടന്നുവെച്ചു.

ഡാമിൽ വൻതിരക്ക്

ഓണത്തോടനുബന്ധിച്ച് സന്ദർശകർക്കായി തുറന്ന ഇടുക്കി, ചെറുതോണി അണക്കെട്ടുകളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. സെപ്തംബർ മൂന്ന് മുതൽ മുതൽ മൂന്നു മാസത്തേക്കാണ് കർശന നിബന്ധനകളോടെ സന്ദർശനം അനുവദിക്കുന്നത്. രണ്ട് അണക്കെട്ടുകളിലും നിലവിലെ അറ്റകുറ്റപ്പണികൾ തടസപ്പെടാത്ത രീതിയിലാകും സന്ദർശകരെ കടത്തിവിടുക. എന്നാൽ ഡാമിലെ ജലനിരപ്പും സാങ്കേതിക പരിശോധനകളും നടത്തുന്ന ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളിലും സന്ദർശനാനുമതി ഇല്ല. ഒരു സമയം പരമാവധി 20 പേർക്കാകും അണക്കെട്ടിലേക്ക് പ്രവേശനമുണ്ടാകുക. സന്ദർശകരെ അനുവദിക്കുന്ന കാലയളവിൽ സെക്യൂരിറ്റി ഗാർഡുകളെ അധികമായി നിയമിച്ച് സിസിടിവി കാമറ നിരീക്ഷണത്തിലൂടെയും മെറ്റൽ ഡിറ്റക്ടറുകളുടെ സഹായത്തോടെയും പ്രവേശനം ക്രമപ്പെടുത്തും.