കട്ടപ്പന : കൊന്നത്തടിയിൽ പ്രവർത്തിക്കുന്ന റേഷൻകടയിലെ സെയിൽസ്മാന് ഉത്രാട ദിനത്തിൽ മർദ്ദനമേറ്റു. കൊന്നത്തടി കുഴിയറക്കുളങ്ങര അജയകുമാറിനാണ് പരിക്കേറ്റത്. സംഭവത്തിൽ പ്രതിഷേധിച്ച് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഇടുക്കി താലൂക്കിൽ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടുമുതൽ ഹർത്താൽ നടത്തി. മഞ്ഞ കാർഡുടമകൾക്ക് മാത്രമാണ് ഓണക്കാലത്ത് സൗജന്യ കിറ്റ് അനുവദിച്ചിട്ടുള്ളത്. പിങ്ക് കാർഡുടമ റേഷൻകടയിലെത്തി കിറ്റ് ആവശ്യപ്പെട്ടു. എന്നാൽ മഞ്ഞ കാർഡുടമകൾക്ക് മാത്രമേ കിറ്റ് അനുവദിച്ചിട്ടുള്ളൂവെന്ന് അറിയിച്ചപ്പോൾ ഇയാൾ അജയകുമാറിനെ മർദിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ വെള്ളത്തൂവൽ പൊലീസ് കേസെടുത്തു. മർദിച്ചയാളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും റേഷൻ വ്യാപാരികൾക്ക് നിർഭയം ജോലി ചെയ്യാൻ സൗകര്യമൊരുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.