തൊടുപുഴ: സ്‌കൂളുകൾക്കുള്ള ഉച്ചഭക്ഷണ വിതരണ ഫണ്ട് രണ്ടര മാസമായി വീണ്ടും കുടിശ്ശിക. ജൂണിലെ തുക അനുവദിച്ചതിന് ശേഷം പിന്നീട് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ജൂലായ് മുതലുള്ള തുക കുടിശ്ശികയാണ്. ഈ അദ്ധ്യയന വർഷം തുടക്കം മുതൽ ഉച്ചഭക്ഷണ തുക പലപ്പോഴായി മുടങ്ങിയിട്ടുണ്ട്. നേരത്തെ ഉച്ചഭക്ഷണ തുക സർക്കാർ മുൻകൂറായി അനുവദിച്ചിരുന്നു. എന്നാൽ കഴിഞ്ഞ അദ്ധ്യയന വർഷം മുതൽ ഇതു ലഭിക്കുന്നില്ല. ഉച്ചഭക്ഷണ തുക മുടങ്ങിയതിൽ ഹൈക്കോടതി സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും ഉടൻ കുടിശ്ശിക കൊടുത്തു തീർക്കാനും ആവശ്യപ്പെട്ടിരുന്നു. യഥാസമയം ഫണ്ട് ലഭിക്കാത്തതിനാൽ ഉച്ചഭക്ഷണ വിതരണത്തിന്റെ ചുമതലക്കാരായ പ്രധാനാദ്ധ്യാപകർ സ്വന്തം നിലയ്ക്ക് പണം കണ്ടെത്തിയാണ് പല സ്‌കൂളുകളിലും പദ്ധതി മുന്നോട്ടുകൊണ്ടു പോവുന്നത്. ഇത് പ്രധാനാദ്ധ്യാപകർക്ക് വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുന്നുണ്ട്. ഓണത്തിനെങ്കിലും തുക അനുവദിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രധാനാദ്ധ്യാപകർ. പലചരക്ക് സാധനങ്ങളും മുട്ടയും പാലും വാങ്ങിക്കുമ്പോൾ തന്നെ കടക്കാർക്ക് പണം നൽകണം. ഫണ്ട് സ്ഥിരമായി കുടിശ്ശികയാവുന്നതിനാൽ കിട്ടുന്ന ശമ്പളം പൂർണ്ണമായും ഉച്ചഭക്ഷണ പദ്ധതിക്കായി ചെലവഴിക്കേണ്ട സ്ഥിതിയാണെന്ന് പ്രധാനാദ്ധ്യാപകർ ചൂണ്ടിക്കാട്ടുന്നു.

ചെലവ് കൂടുതൽ,​

വേണം വർദ്ധന

 2016ൽ നിശ്ചയിച്ച ഉച്ചഭക്ഷണ നിരക്കിൽ പിന്നീട് കാര്യമായ വർദ്ധനവുണ്ടായിട്ടില്ല. അടുത്തിടെ വരെ ഒരു കുട്ടിക്ക് എട്ട് രൂപയാണ് അനുവദിച്ചിരുന്നത്.


 നിരക്ക് വർദ്ധന ആവശ്യപ്പെട്ട് അദ്ധ്യാപകർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. അദ്ധ്യാപകരുടെ കർക്കശ നിലപാടിൽ ഉച്ചഭക്ഷണം മുടങ്ങുമെന്നായതോടെ 2.20 രൂപ കൂടി കൂട്ടിയിട്ടുണ്ട്.


 മുട്ടയ്ക്ക് മാത്രം ഏഴ് രൂപ നൽകണം. ആറ് രൂപയാണ് സർക്കാർ അനുവദിക്കുക. ഒരു ലിറ്റർ പാലിന് വിപണിയിൽ 56 രൂപയെങ്കിൽ സർക്കാർ കണക്കാക്കുന്നത് 52 രൂപയാണ്.

 വിപണി വിലയ്ക്ക് അനുസൃതമായി തുക വർദ്ധിപ്പിക്കണമെന്നാണ് അദ്ധ്യാപകരുടെ ആവശ്യം.

 വലിയ സാമ്പത്തിക ബാദ്ധ്യതയാവുന്ന ഉച്ചഭക്ഷണ പദ്ധതിയുടെ ചുമതല ഏറ്റെടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പ്രധാനാദ്ധ്യാപകർ

'ഉച്ചഭക്ഷണ കുടിശിക സർക്കാർ ഉടൻ വിതരണം ചെയ്യണം. കുട്ടികൾ കൂടുതലുള്ള സ്കൂളുകളിൽ പ്രാധാനാദ്ധ്യാപർക്ക് ലക്ഷണങ്ങളുടെ ബാദ്ധ്യതയാണ് വരുന്നത്."

-കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി പി.എം. നാസർ