chindansibiram

തൊടുപുഴ : അഞ്ച് ദിവസത്തെ ശമ്പളത്തിൽ കുറഞ്ഞ തുക സ്വീകരിക്കില്ലെന്ന നിർബന്ധിത സാലറി ചലഞ്ചിൽ നിന്നും 50 ശതമാനം ജീവനക്കാർ വിട്ടുനിന്നത് ഇടതു സർക്കാരിന്റെ അധികാര ധാർഷ്ട്യത്തിനേറ്റ കനത്ത തിരിച്ചടിയാണെന്ന് എൻ. ജി. ഒ. സംഘ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. രാജേഷ് പറഞ്ഞു. ജീവനക്കാർ സ്വമേധായ നൽകുന്ന സംഭാവന കൂടി സ്വീകരിച്ച് മുഴുവൻ ജീവനക്കാരെയും സാലറി ചലഞ്ചിൽ പങ്കാളികളാക്കണമെന്ന എൻ. ജി. ഒ. സംഘ് ഉൾപ്പെടെയുള്ള ഫെറ്റോ സംഘടനകളുടെ അഭ്യർത്ഥന നിരസിച്ച് മുഖ്യമന്ത്രിയും ധന മന്ത്രിയും ഇടതു സർവീസ് സംഘടനകളെ അമിത വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോയതാണ് തിരിച്ചടിക്ക് കാരണമായത്. സർക്കാർ ഇതിൽ നിന്നും പാഠം പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ബി. എം. എസ്. ഹാളിൽ നടത്തിയ ചിന്തൻ ശിബിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വി. ബി.പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എ. ഇ. സന്തോഷ്, സംസ്ഥാന സെക്രട്ടറി വി. കെ. സാജൻ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി പി. ടി. ബാലുരാജ് സ്വാഗതവും ട്രഷറർ ഇനിറ്റ് അയ്യപ്പൻ നന്ദിയും പറഞ്ഞു.