തൊടുപുഴ: കുടുംബവഴക്കിനെ തുടർന്ന് പോക്‌സോ കേസിൽ കുടുക്കിയ രണ്ടാനച്ഛനെ കോടതി വെറുതെ വിട്ടു. പീരുമേട് പഴയ പാമ്പനാർ പുതുവലിൻ ഗായത്രി ഭവനിൽ സുബ്രഹ്മണ്യനെയാണ് കുറ്റക്കാരനല്ലെന്ന് കണ്ട് തൊടുപുഴ അഡീഷണൽ
സെഷൻസ് കോടതി ജഡ്ജ് ആഷ് കെ. ബാൽ വെറുതെ വിട്ട് ഉത്തരവായത്. 2011 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. 16 വയസിൽ താഴെയുള്ള പെൺകുട്ടിയുടെ മാതാവിനെ രണ്ടാമത് വിവാഹം ചെയ്തയാളായിരുന്നു സുബ്രഹ്മണ്യൻ. പെൺകുട്ടിയുടെ അമ്മാവന്റെ വീട്ടിലാണ് ഇവർ കുടുംബമായി താമസിച്ചിരുന്നത്. ഈ വീടും സ്ഥലവും വാങ്ങാൻ സുബ്രഹ്മണ്യൻ രണ്ട് ലക്ഷം രൂപ കുട്ടിയുടെ അമ്മാവന് നൽകിയിരുന്നു. എന്നാൽ വസ്തു എഴുതി നൽകാത്തതിനെ തുടർന്ന് ഇരുവിഭാഗവും തമ്മിൽ വഴക്കുണ്ടായി. കുട്ടിയുടെ അമ്മ സഹോദരങ്ങളുടെ പക്ഷം ചേർന്ന് പ്രതിക്കെതിരെ ധാരാളം കേസ് നൽകി. അമ്മാവന്മാർ സുബ്രഹ്മണ്യന്റെ കൈ തല്ലിയൊടിച്ചു. ഈ കേസ് രമ്യതയിലാക്കണമെന്ന ഉദ്ദേശത്തോടെ കുട്ടിയുടെ അമ്മയും അമ്മാവന്മാരും പ്രതിക്കെതിരെ പീഡന പരാതി നൽകുകയായിരുന്നു. തുടർന്ന് കുട്ടിയെ നിരന്തരമായി പീഡിപ്പിച്ചെന്ന കുറ്റം ചുമത്തി പീരുമേട് പൊലീസ് കോടതിയിൽ കുറ്റപത്രം ഹാജരാക്കി. എന്നാൽ പ്രതിയുടെ നിരപരാധിത്വം ബോദ്ധ്യപ്പെട്ട കോടതി സുബ്രഹ്മണ്യനെ വെറുതെ വിടുകയായിരുന്നു. പ്രതിക്ക് വേണ്ടി അഭിഭാഷകരായ സാബു ജേക്കബ്, മനേഷ് പി. കുമാർ, ഡെൽവിൻ പൂവത്തിങ്കൽ, സാന്ത്വന എന്നിവർ ഹാജരായി.