തൊടുപുഴ: സുപ്രീംകോടതിയുടെയും കേന്ദ്ര ജലകമ്മിഷന്റെയും നിർദ്ദേശാനുസരണം സമഗ്ര പരിശോധനയ്ക്ക് തയ്യാറാകുമ്പോൾ അണക്കെട്ടിന് കാഴ്ചയിൽ കുഴപ്പമില്ലെന്നുള്ള മേൽനോട്ടസമിതി റിപ്പോർട്ടിൽ ദുരൂഹതയുണ്ടെന്നും കേരളത്തിന്റെ പ്രതിനിധികളായി പങ്കെടുത്ത ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിട്ട് പ്രോസിക്യൂട്ട് ചെയ്യണമെന്നും മുല്ലപ്പെരിയാർ ജനസംരക്ഷണസമിതി ആവശ്യപ്പെട്ടു. 12 വർഷമായി ഗൗരവമായ സുരക്ഷാ പരിശോധന നടത്താത്ത അണക്കെട്ടിൽ അടിയന്തര പരിശോധനയ്ക്ക് ജലകമ്മിഷൻ നിർദ്ദേശം വന്നശേഷം കേരളത്തിലെ മാദ്ധ്യമപ്രവർത്തകരെയടക്കം മാറ്റി നിർത്തി മേൽനോട്ടസമിതി എന്ന പേരിൽ അണക്കെട്ട് നിർമ്മാണവുമായി യാതൊരു ബന്ധവുമില്ലാത്ത ചിലരെ നിയോഗിച്ച് റിപ്പോർട്ട് തയ്യാറാക്കിയതിൽ ഗൂഢാലോചന വ്യക്തമാണ്. 129 വർഷം പഴക്കമുള്ള അണക്കെട്ടിന്റെ ബലക്ഷയം പഠിക്കാൻ അന്താരാഷ്ട്ര ഡാം നിർമ്മാണ ഏജൻസിയെ ചുമതലപ്പെടുത്തുന്നതിന് പകരം പ്രിൻസിപ്പൽ സെക്രട്ടറിയെയും അന്തർ സംസ്ഥാന ജലവിഭവ ചീഫ് എൻജിനിയറെയും പ്രതിനിധികളാക്കിയ സർക്കാർ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമായി റിപ്പോർട്ട് തയ്യാറാക്കിയ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിട്ട് പ്രോസിക്യൂട്ട് ചെയ്യണമെന്ന് സമിതി ചെയർമാൻ അഡ്വ. റോയി വാരികാട്ട്,​ ജനറൽ കൺവീനർ പി.ടി. ശ്രീകുമാർ,​ പി.ആർ.ഒ ഷിബു കെ. തമ്പി എന്നിവർ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.