വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലേക്കിറങ്ങിയതോടെ ജനങ്ങൾ പൊറുതിമുട്ടി
ഇടുക്കി: ആനയും പുലിയും കടുവയും കാട്ടുപ്പോത്തുമടക്കമുള്ള വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലേക്കിറങ്ങി. ഇതോടെ ജനജീവിതം ഏറെ ദുസഹമായി. ഏറ്റവുമൊടുവിൽ മൂന്നാറിലെ ജനവാസ മേഖലകളിൽ വീണ്ടും കടുവകൾ ഇറങ്ങി പശുക്കളെ കൊന്നൊടുക്കിയതിന്റെ ഭീതിയിലാണ് ഇവിടത്തുകാർ. ചൊവ്വാഴ്ച വൈകിട്ട് കുറ്റിയാർ വാലിയിലാണ് രണ്ട് കടുവകൾ ഒരേസമയം പശുക്കളെ ആക്രമിച്ചത്. പശുക്കളെ മേയാൻ വിട്ടതിനുശേഷം ഉടമയായ രമേശ് സമീപത്ത് വിശ്രമിക്കുകയായിരുന്നു. ഈ സമയത്താണ് സമീപത്തെ കാട്ടിൽ നിന്ന് കടുവകൾ പശുക്കൾക്ക് നേരെ ചാടി വീണത്. നിമിഷങ്ങൾക്കകം പശുക്കളെയും കടിച്ച് വലിച്ചുകൊണ്ട് കടുവകൾ കാട്ടിലേക്ക് പോയി. രമേശ് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീട് നാട്ടുകാരെയും കൂട്ടി തിരിച്ചെത്തി നടത്തിയ തിരച്ചിലിൽ സംഭവസ്ഥലത്ത് നിന്ന് അരക്കിലോമീറ്റർ അകലെയായി പശുക്കളുടെ ജഡങ്ങൾ പാതി തിന്ന നിലയിൽ കണ്ടെത്തി. കുറ്റിയാർവാലി മേഖലയിൽ കാട്ടാന, കടുവ പുലി, കാട്ടുനായ്ക്കൾ തുടങ്ങിയവയെല്ലാം ഭീഷണി ഉയർത്തുന്നുണ്ട്. കാട്ടാനകൾ കൃഷി നശിപ്പിക്കുന്നതും കടുവകൾ പശുക്കളെ ആക്രമിച്ചു കൊല്ലുന്നതും പതിവാണ്. വന്യമൃഗങ്ങളുടെ ആക്രമണം തടയണമെന്ന് നാട്ടുകാർ നിരന്തരമായി ആവശ്യപ്പെട്ടതും കാര്യമായ നടപടി ഉണ്ടായിട്ടില്ല. കർഷകരുടെ ഉപജീവന മാർഗമായ പശുക്കൾ നിരന്തരം കൊല്ലപ്പെടുന്നത് പ്രദേശത്ത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. മേഖലയിൽ രണ്ട് കടുവകളുള്ളതായി തൊഴിലാളികൾ പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ കടലാർ ഫാക്ടറി, ഈസ്റ്റ് ഡിവിഷനുകളിലായി പതിനഞ്ചോളം പശുക്കളെയാണ് കടുവ പിടിച്ച് കൊന്നത്. തുടർച്ചയായി മൂന്നാറിലെ ജനവാസ മേഖലയിലിറങ്ങി കാട്ടാനകളായ പടയപ്പയും ഒറ്റക്കൊമ്പനും ഭീതി പരത്തുന്നതിനിടെയാണ് കടുവയും ഭീതിവിതയ്ക്കുന്നത്.
കഴിഞ്ഞ ദിവസം ഏലപ്പാറ ഒന്നാം മൈലിൽ ജനവാസ മേഖലയിലുള്ള തോട്ടത്തിൽ മേയാൻ വിട്ട പശുക്കിടാവിനെ പുലിയിറങ്ങി ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ദിവസങ്ങൾക്ക് മുമ്പ് തോട്ടത്തിൽ മേയാൻ വിട്ട പശുക്കിടാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയതും പുലിയാകാമെന്ന നിഗമനത്തിലാണ് പ്രദേശവാസികൾ. ആഴ്ചകൾക്ക് മുമ്പ് പ്രദേശവാസി തന്റെ തോട്ടത്തിൽ പുലിയെ നേരിൽ കണ്ടതായും നാട്ടുകാർ പറയുന്നു. ചൊവ്വാഴ്ച വണ്ടിപ്പെരിയാർ 62ാം മൈലിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.
മറുവശത്ത് വെറുതെ
പാഴാകുന്നു കോടികൾ
കാട്ടുമൃഗങ്ങൾ നാട്ടിലേക്കിറക്കി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി സൃഷ്ടിക്കുമ്പോൾ മറുവശത്ത് മനുഷ്യ- വന്യജീവി സംഘർഷം കുറയ്ക്കാൻ കോടിക്കണക്കിന് രൂപ സർക്കാർ ചെലവഴിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ദേവികുളത്ത് നിർമ്മാണം പൂർത്തിയാക്കിയ റാപ്പിഡ് റെസ്‌പോൺസ് ടീം ആന്റ് വെറ്റിനറി ഫെസിലിറ്റിയുടെ ഉദ്ഘാടനം മൂന്നാറിലെത്തി വനംമന്ത്രി നിർവഹിച്ചത്. മൂന്നാർ മേഖലയിലെ മനുഷ്യ- വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് മൂന്നാർ ആർ.ആർ.ടിയ്ക്ക് വേണ്ടി കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്. ഇതോടൊപ്പം മൂന്നാർ ഡിവിഷനിൽ മനുഷ്യ വന്യജീവി സംഘർഷ ലഘൂകരണത്തിനായി നടപ്പാക്കുന്ന നിർമ്മാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. വന്യജീവി ശല്യം നിയന്ത്രിക്കാൻ 446 ലക്ഷം രൂപ ചെലവഴിച്ച് നബാഡിന്റെ സഹായത്തോടെ ഫെൻസിംഗുകളടക്കമുള്ള പദ്ധതികൾക്കായി ടെൻഡർ നൽകുകയും അതിന്റെ പ്രവർത്തനങ്ങളാരംഭിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് മന്ത്രി പറഞ്ഞത്. ഈ പദ്ധതികൾ പൂർത്തിയാകുന്നതോടെ ഒരു പരിധിവരെ വന്യജീവി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെന്നാണ് സർക്കാർ കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി.