> വാഹന യാത്രക്കാർക്ക് പുറമെ കാൽനടയാത്രക്കാരും ദുരിതത്തിൽ.
> പ്രതിഷേധത്തിനൊരുങ്ങി ഡി.വൈ.എഫ്.ഐ
കട്ടപ്പന :നഗരത്തിൽ ഏറ്റവുമധികം തിരക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നാണ് പഴയ ബസ്റ്റാൻഡ്. എന്നാൽ ഇതുവഴി യാത്ര ചെയ്യുന്നവരുടെ നടുവൊടിക്കുന്ന വൻ ഗർത്തങ്ങളാണ് സ്റ്റാൻഡിൽ രൂപപ്പെട്ടിരിക്കുന്നത്. മുൻപ് ഇത്തരത്തിൽ ഗർത്തങ്ങൾ രൂപപ്പെട്ട് അപകട ഭീക്ഷണിയായപ്പോൾ താൽക്കാലികമായി കുഴി അടയ്ക്കുക മാത്രമാണ് നഗരസഭ ചെയ്തത്. സ്റ്റാൻഡിൽ കോൺക്രീറ്റ് പാളികളാണ് ഉറപ്പിച്ചിരിക്കുന്നത്. ഇതിൽ കുഴികൾ രൂപപ്പെടുമ്പോൾ മെറ്റിലും ടാറും ഉപയോഗിച്ച് അടച്ചാൽ നിലനിൽക്കില്ലന്ന് അന്നേ വ്യാപാരികളടക്കമുള്ളവർ പരാതി പറഞ്ഞതാണ്. എന്നാൽ പൊടിക്കൈകൾ ചെയ്ത് നഗരസഭ അധികൃതർ സ്ഥലം കാലിയാക്കിയതോടെ മാസങ്ങളുടെ ഇടവേളയിൽ തന്നെ വൻഗർത്തങ്ങൾ രൂപപ്പെട്ടു.
നിലവിൽ പഴയ ബസ് സ്റ്റാൻഡിൽ രൂപപ്പെട്ടിരിക്കുന്ന ഗർത്തങ്ങളിൽ നിന്നും കോൺക്രീറ്റ് കമ്പികൾ പുറത്തേക്ക് തള്ളി നിൽക്കുകയാണ്. ഗട്ടറുകളിൽ ചാടുന്ന വാഹനങ്ങളുടെ ടയർ പഞ്ചർ ആകുന്നതിനും മറ്റ് കേടുപാടുകൾ സംഭവിക്കുന്നതിനും ഇത് കാരണമാകുന്നു. മഴ പെയ്യുന്നതോടെ ഗർത്തങ്ങളിൽ വെള്ളം കെട്ടിനിൽക്കുകയും വാഹനങ്ങൾ ഈ ഗർത്തങ്ങളിൽ ചാടുമ്പോൾ ചെളിവെള്ളം കാൽനട യാത്രക്കാരുടെ ദേഹത്തേക്ക് തെറിക്കുന്നതും പതിവാണ്. കൂടാതെ സമീപത്തെ വ്യാപാരികൾക്കും വലിയ ബുദ്ധിമുട്ടാണ് ഗർത്തങ്ങൾ സമ്മാനിക്കുന്നത്. പഴയ ബസ്റ്റാൻഡിനു പുറമേ പുതിയ ബസ് സ്റ്റാൻഡിലും ഇതേ പ്രതിസന്ധിയാണുള്ളത്. അടിയന്തരമായി ബസ്റ്റാൻഡിലെ അപകട ഭീഷണി ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരും വ്യാപാരികളും ആവശ്യപ്പെടുന്നത്.
പ്രതിഷേധം നടത്തുമെന്ന്
ഡിവൈഎഫ്‌ഐ
ഇടയ്ക്കിടയ്ക്ക് നടക്കുന്ന ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് മാത്രമാണെന്ന് നഗരസഭയിൽ നടക്കുന്നത്, മറ്റ് വികസന പ്രവർത്തനങ്ങൾ നടത്താൻ അധികാരികൾക്ക് നേരമില്ല, ഇതിന്റെ ഫലം അനുഭവിക്കുന്നത് പൊതുജനങ്ങളാണ് , അതിന്റെ ഉദാഹരണമയിയാണ് നാളുകളായി പുതിയ ബസ് സ്റ്റാൻഡിലും പഴയ ബസ് സ്റ്റാൻഡിലും രൂപപ്പെട്ടിരിക്കുന്ന അപകടകരമായ ഗർത്തങ്ങൾ എന്നും ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി ഫൈസൽ ജാഫർ പറഞ്ഞു. നഗരത്തിലെ ഗ്രാമീണ റോഡുകൾ തകർന്നു കിടക്കുന്നതിനൊപ്പം കട്ടപ്പനയുടെ ഹൃദയഭാഗത്തുള്ള പഴയ ബസ്റ്റാന്റും ശോച്യാവസ്ഥയിലായതോടെ പ്രതിഷേധം നടത്തുമെന്ന് ഡിവൈഎഫ്‌ഐ നേതാക്കൾ അറിയിച്ചു .